വ്ളാഡിമിർ പുതിൻ | ചിത്രം: AP
മോസ്‌കോ: കിഴക്കന്‍ യുക്രൈനിലെ രണ്ട് വിഘടനവാദി റിപ്പബ്ലിക്കുകളെ സ്വാതന്ത്ര രാജ്യമായി അംഗീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഡൊനെറ്റ്സ്‌കിലെയും ലുഗാന്‍സ്‌കിലെയും വിമത നേതാക്കള്‍ തിങ്കളാഴ്ച തങ്ങളെ സ്വതന്ത്ര റിപബ്ലിക്കുകളായി അംഗീകരിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.
റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഷെഡ്യൂള്‍ ചെയ്യപ്പെടാത്ത ഒരു യോഗത്തിലാണ് പുടിന്‍ ഈ പരാമര്‍ശം നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ യുക്രൈനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന പരാമര്‍ശമാണ് പുടിന്‍ നടത്തിയിരിക്കുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍
2014-ലെ യുക്രൈനിലെ യൂറോപ്യന്‍ യൂണിയന്‍ അനുകൂല വിപ്ലവത്തിന് ശേഷം സ്വതന്ത്രമായി സ്വയം പ്രഖ്യാപിച്ച റഷ്യന്‍ അനുകൂല വിഘടനവാദ പ്രദേശങ്ങളെ അംഗീകരിക്കണമെന്ന് റഷ്യന്‍ പാര്‍ലമെന്റും പുടിനോട് ആവശ്യപ്പെട്ടിരുന്നു.
'ലുഗാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു,' വിഘടനവാദി ലിയോനിഡ് പസെക്‌നിക് റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ വിമത നേതാവ് ഡെനിസ് പുഷിലിനും സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു.
യുക്രൈനിന് നേരെയുള്ള ഭീഷണിയേയും അതിര്‍ത്തിയില്‍ സൈന്യത്തെ വന്‍തോതില്‍ വിന്യസിക്കുന്നതിനെയും ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഏകദേശം 1.6 ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ ആക്രമിക്കാന്‍ സജ്ജരാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.
യുദ്ധം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 1945-ന് ശേഷം യൂറോപ്പില്‍ ഏറ്റവും വലിയ യുദ്ധമാണ് റഷ്യ ആസൂത്രണം ചെയ്യുന്നതെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴുള്ള സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് യുക്രൈനില്‍ നിന്ന് മടങ്ങാനും വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.
Content Highlights: Russia may recognise two separatist republics as separate nation says Putin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..