തകർന്ന റഷ്യൻ ടാങ്കുകൾ. Photo - AFP
കീവ്: യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ലിങ്കന്‍ പറഞ്ഞു.
യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം നടക്കുന്ന ആദ്യ അമേരിക്കന്‍ ഉന്നതതല യോഗമാണ് ഞായറാഴ്ച നടന്നത്. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പമാണ് ബ്ലിങ്കന്‍ യുക്രൈനിലെത്തിയത്.
യുക്രൈന് 12,664 കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ അമേരിക്ക നല്‍കുമെന്ന് നേതാക്കള്‍ യോഗത്തില്‍ വാക്കുനല്‍കി. സൈനിക രംഗത്ത് 23,024 കോടി രൂപയുടെ സഹായവും യു.എസ്. വാഗ്ദാനം ചെയ്തു. സഹായ സഹകരണങ്ങള്‍ക്ക് അമേരിക്കയോടും പ്രസിഡന്റ് ജോ ബൈഡനോടും സെലെന്‍സ്‌കി നന്ദി പറഞ്ഞു..
മധ്യ യുക്രൈനിലെ വിന്നിറ്റ്സിയ മേഖലയിലെ രണ്ട് പട്ടണങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
40 ജര്‍മന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റഷ്യ
റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന 40 ജര്‍മന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റഷ്യ. ബെര്‍ലിനിലെ റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ ഈ മാസം ആദ്യം ജര്‍മനി പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് റഷ്യന്‍ വിദേശമന്ത്രാലയം അറിയിച്ചു.
റഷ്യന്‍ നടപടി ന്യായീകരിക്കാനാവാത്തതെന്ന് ജര്‍മന്‍ വിദേശമന്ത്രി അന്നലെന ബയര്‍ബോക്ക് പ്രതികരിച്ചു.
അസോവില്‍ കുടുങ്ങിയവര്‍ക്കായി സുരക്ഷിത ഇടനാഴി ഒരുക്കാം -റഷ്യ
മരിയൊപോളിലെ അസോവ് ഉരുക്കുനിര്‍മാണശാലയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനായി സുരക്ഷിത ഇടനാഴി തുറക്കാമെന്ന് റഷ്യന്‍ വിദേശമന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ റഷ്യയുമായി ധാരണയില്‍ എത്തിയിട്ടില്ലെന്നും യു.എന്‍. രക്ഷാധികാരിയായുള്ള കരാറാണ് ജനങ്ങളെ ഒഴിപ്പിക്കാന്‍ ആവശ്യമെന്നും ഉപപ്രധാനമന്ത്രി ഐറീന വെറെഷ്ചുക് പറഞ്ഞു.
Content Highlights: Russia Ukraine war US
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..