റഷ്യയുടെ സെെനിക വിന്യാസത്തിൻറെ സാറ്റ് ലെെറ്റ് ചിത്രങ്ങൾ| ചിത്രം: https:||twitter.com|BirdOwl
ന്യൂഡല്‍ഹി: ആക്രമണത്തിന് തയ്യാറെടുക്കുന്നെന്ന സൂചനകള്‍ നല്‍കി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും പടക്കോപ്പുകളും വിന്യസിച്ച് റഷ്യ. ഇതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളടക്കം പുറത്തുവന്നു.
ഇതിനുപിന്നാലെ അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ സേനയും എത്തിയതോടെ നിലവിലെ സാഹചര്യം വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
വലിയ സൈനിക വിന്യാസമാണ് ക്രിമിയയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലും കാണാന്‍ സാധിക്കുന്നത്. സൈനികര്‍ മാത്രമല്ല, ആയുധങ്ങള്‍, കവചങ്ങള്‍, പീരങ്കികള്‍ എന്നിവയുടെ വന്‍ശേഖരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള താവളങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറ്റിയാണ് എത്തിച്ചതെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയില്‍ റഷ്യന്‍ സൈന്യം നിര്‍മ്മിച്ച് വിന്യസിച്ച മൊബൈല്‍ ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ സംവിധാനമായ ഇസ്‌കന്ധര്‍ അടക്കം വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
2014-ല്‍ റഷ്യ പിടിച്ചെടുത്ത യുക്രൈനിയന്‍ പ്രദേശമായ ക്രിമിയയിലും ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അധിനിവേശത്തിനുള്ള ഒരു പദ്ധതിയും റഷ്യയ്ക്കില്ലെന്ന് അവരുടെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുമായുള്ള യുക്രൈനിന്റെ വര്‍ദ്ധിച്ചുവരുന്ന ബന്ധങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് റഷ്യ പറയുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയും നാറ്റോ സേനയും റഷ്യയുടെ നടപടികളെ പ്രതിരോധിക്കാന്‍ ശക്തമായി രംഗത്തുവന്ന് യുക്രൈനിന് പൂര്‍ണപിന്തുണ നല്‍കുന്നതിനാല്‍ പെട്ടെന്നുള്ള സൈനിക നടപടിയിലേക്ക് റഷ്യ പോകില്ലെന്നാണ് കരുതുന്നതെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴുള്ള സൈനിക വിന്യാസം ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.
Content Highlights: russia deploys huge number of troops near ukraine borders rising concerns
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..