.jpg?$p=7b721c9&f=16x10&w=856&q=0.8)
കീവ് നഗരം | Photo - AFP
- മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സുമിയിലടക്കം വെടിനിര്‍ത്തല്‍
- പുതിനുമായും സെലന്‍സ്കിയുമായും പ്രധാനമന്ത്രി മോദി ഇന്ന് സംസാരിക്കും
കീവ്: യുക്രൈനിലെ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനാണിത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായും യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മരിയോപോള്‍ നഗരത്തില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം വെടിനിര്‍ത്തല്‍ ലംഘനങ്ങളെത്തുടര്‍ന്ന് രണ്ടാം തവണയും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം റഷ്യയും യുക്രൈനും തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും അതിന്റെ വിശദാംശങ്ങളില്‍ ധാരണയാകാതിരുന്നതാണ് പരാജയത്തിനു കാരണമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ് ക്രോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാംവട്ട സമാധാന ചര്‍ച്ച തിങ്കളാഴ്ച നടക്കും.
കൃത്യമായ സമയം, സ്ഥലം, ഒഴിപ്പിക്കല്‍ പാതകള്‍ എന്നിവയുടെ കാര്യത്തില്‍ ഇരുകൂട്ടരും നേരത്തെ യോജിപ്പിലെത്തിയിരുന്നില്ല. അതിനാല്‍, ഇവിടെയുള്ള രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെട്ടെന്ന് റെഡ് ക്രോസ് പറഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..