മോസ്‌കോ: കൊറോണ വൈറസ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V യുടെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നാണ് പുതിയ ഒറ്റഡോസ് വാക്‌സിന്റെ പേര്. സ്പുട്‌നിക് V രണ്ടു ഡോസ് നല്‍കേണ്ടി വരുമ്പോള്‍ സ്പുട്‌നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും.

91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് V യെ അപേക്ഷിച്ച് സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് വാക്‌സിന്‍ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. 

റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്‌സിനേഷനില്‍ സ്പുട്‌നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ(എഫ്.ഡി.എ.)യുടെയും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

content highlights: russia approves single dose sputnik light version