മോസ്‌കോ: ലോകം ഒന്നടങ്കം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിനിടയില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ കോവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു. സ്പുട്‌നിക് വി' എന്നാണ് വാക്‌സിന് റഷ്യ പേരിട്ടിരിക്കുന്നത്. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.

കൊറോണ വൈറസില്‍നിന്ന് പ്രതിരോധം നൽകുന്നതാണ് തങ്ങളുടെ വാക്‌സിനെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പുതിന്‍ നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

'ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിച്ചു. അവള്‍ സുഖമായിരിക്കുന്നു.' റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു.

ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

Content Highlights: Russia announces world's first Covid-19 vaccine, Putin's daughter gets vaccinated