വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്ര നേതാക്കള്‍ ഇതിനോടകം അഭിനന്ദിച്ചിട്ടുണ്ട്.  എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഇതുവരെ ബൈഡന്റെ ജയം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. 

നിലവിലെ യുഎസ് പ്രസിഡന്റും ബൈഡന്റെ എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടില്ല എന്നതും ചൈനയുടേയും റഷ്യയുടേയും മൗനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് ചൈനയുടെ വിശദീകരണം.

ബൈഡന്‍ വിജയിച്ചിട്ടില്ലെന്നും നിയമപോരാട്ടത്തിലേക്ക് കടക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ട്വിറ്ററില്‍ അഭിനന്ദനം അറിയിച്ചിരുന്നു. 

അതേ സമയം ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ബൈഡനെ പ്രശംസിച്ചിട്ടുണ്ട്.

ട്രംപിന്റെ അടുത്ത സുഹൃത്തായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബൈഡനെ ഔപചാരികമായി അഭിനന്ദിക്കുകയുണ്ടായി. എന്നാല്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത കാര്യം അദ്ദേഹത്തിന്റെ അഭിനന്ദന സന്ദേശത്തില്‍ ഇല്ലായിരുന്നു. 

യുഎസിന്റെ അയല്‍രാജ്യമായ മെകിസ്‌ക്കോയുടെ പ്രതികരണവും സമാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വിജയിയായി ബൈഡനെ തിരഞ്ഞെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് മെക്‌സിക്കോയുടെ പ്രതികരണം.