യുദ്ധത്തിനിറങ്ങേണ്ടി വരുമോ, യാത്രവിലക്കുമോ? റഷ്യവിടാന്‍ ജനങ്ങള്‍, വിമാന ടിക്കറ്റുകളെല്ലാം തീര്‍ന്നു.


നിര്‍ബന്ധിത സൈനിക സേവനത്തിനുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ യുവാക്കള്‍ യുദ്ധരംഗത്ത് ഇറങ്ങേണ്ടിവരുമെന്നും വിദേശത്തേക്ക് പോകുന്നതിന് വിലക്ക് വന്നേക്കുമെന്നുമുള്ള ആശങ്കയാണ് പലായനത്തിന് സമാനമായ അവസ്ഥയിലേക്ക് പലരെയും എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം | AP

മോസ്‌കോ: റഷ്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നു. വിറ്റവയെല്ലാം വണ്‍ വേ ടിക്കറ്റുകളാണ്. മിക്കവരും റഷ്യയിലേക്ക് തിരിച്ചെത്താനുള്ള ടിക്കറ്റ് എടുത്തിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ജനങ്ങളോട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യയില്‍നിന്ന് പുറത്തേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നത്. ടിക്കറ്റ് ബുക്കിങ് വ്യാപകമായതോടെ നിരക്ക് കുതിച്ചുയരുകയും ചെയ്തു.

നിര്‍ബന്ധിത സൈനിക സേവനത്തിനുള്ള ഉത്തരവ് വന്നതോടെ 18 നും 65 നുമിടെ പ്രായമുള്ളവര്‍ രാജ്യംവിടുന്നത് വിലക്കിയിട്ടുണ്ട്. ഈ പ്രായപരിധിയില്‍ ഉള്ളവര്‍ വിമാന ടിക്കറ്റിന് തിരക്കുകൂട്ടിയതോടെ ഇവര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ ടിക്കറ്റ് നല്‍കരുതെന്ന് റഷ്യന്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

റഷ്യയില്‍നിന്ന് വിമാനങ്ങള്‍ കൂട്ടമായി പുറത്തേക്ക് പറക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പ് ഗ്ലോബല്‍ ഫ്‌ളൈറ്റ് ട്രാക്കിങ് ഏജന്‍സിയായ ഫ്‌ളൈറ്റ് റഡാര്‍ 24 പുറത്തുവിട്ടിട്ടുണ്ട്. ടിക്കറ്റിനുവേണ്ടി ഓണ്‍ലൈനില്‍ പരതുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി ഗൂഗിള്‍ ട്രെന്‍ഡ്‌സും വ്യക്തമാക്കുന്നു. റഷ്യയില്‍നിന്ന് പുറത്തേക്ക് ഒരാഴ്ചത്തേക്കുള്ള മുഴുവന്‍ ടിക്കറ്റുകളും ബുക്കുചെയ്ത് കഴിഞ്ഞുവെന്ന് ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. യുക്രൈനെതിരായ യുദ്ധത്തില്‍ അണിനിരക്കാന്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ കഴിഞ്ഞ ദിവസമാണ് ജനങ്ങളോട് ഉത്തരവിട്ടത്. മുഴുവന്‍ പാശ്ചാത്യശക്തികളുടെയും യുദ്ധസന്നാഹത്തോടാണ് പൊരുതുന്നതെന്നും ആള്‍ബലം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവേ പുതിന്‍ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ മുന്‍പരിചയമുള്ളവരെയാണ് പട്ടാളത്തില്‍ ചേര്‍ക്കുന്നത്. റഷ്യയില്‍ ഇത്തരത്തില്‍ യോഗ്യരായ 2.5 കോടി ആളുകളുണ്ടെന്ന് പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു വിശദീകരിച്ചു. ഇതില്‍ മൂന്ന് ലക്ഷം പേരെയാണ് അടിയന്തരമായി ആവശ്യം. ബുധനാഴ്ച രാത്രി ടെലിവിഷനിലൂടെയാണ് പുതിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഏഴുമിനിറ്റ് നീണ്ട വീഡിയോയില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഇത് വെറുംവാക്കല്ലെന്നും പുതിന്‍ ഓര്‍മിപ്പിച്ചു. വേണ്ടിവന്നാല്‍ ആണവായുധങ്ങളും പ്രയോഗിക്കുമെന്ന സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.

പാശ്ചാത്യശക്തികള്‍ രാജ്യത്തെ വിഭജിച്ച് ദുര്‍ബലമാക്കി തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പുതിന്‍ കുറ്റപ്പെടുത്തി. യുക്രൈന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ കനത്ത പ്രഹരമേറ്റതോടെയാണ് പുതിന്‍ കടുത്ത തീരുമാനത്തിന് നിര്‍ബന്ധിതനായത്. രണ്ടാം ലോകയുദ്ധത്തിനുശേഷം റഷ്യ നിര്‍ബന്ധിത സൈനികസേവനം ആവശ്യപ്പെടുന്നത് ആദ്യമായാണ്. ജനങ്ങള്‍ക്കിടയില്‍ ഇത് ആശങ്കയ്ക്കും സംശയങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പുതിന്‍ റഷ്യന്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് യുക്രൈന്‍ വക്താവ് സെര്‍ജി നികോഫൊറോവ് പ്രതികരിച്ചിരുന്നു. ഔദ്യോഗിക സേനയുടെ പരാജയത്തെ മറക്കാന്‍ സാധാരണക്കാരെ കൊലയ്ക്കുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Russia - Ukraine war Putin flight tickets


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented