കാബൂള്‍: മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി വീണ്ടും പ്രത്യക്ഷപ്പെട്ടു. യുഎസില്‍ അല്‍ ഖ്വയ്ദ നടത്തിയ 9/11 ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷിക ദിനത്തിലാണ് അല്‍ സവാഹിരിയുടെ പുതിയ വീഡിയോ പുറത്തുവന്നത്‌. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള സവാഹിരിയുടെ പ്രസ്താവന ഉള്‍പ്പെട്ട വീഡിയോ അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് പുറത്തുവിട്ടത്. 

ഡോക്യുമെന്ററി രീതിയിലുള്ള വീഡിയോ ടെലഗ്രാമിലൂടെയാണ് അല്‍ ഖ്വയ്ദ പുറത്തുവിട്ടത്. ജെറുസലേമിനെ ജൂതവത്ക്കരില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൊല്ലപ്പെട്ട നിരവധി അല്‍ ഖ്വയ്ദ ഭീകരരെ വീഡിയോയില്‍ അനുസ്മരിക്കുന്നുണ്ട്. അതേസമയം അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും പുതിയ താലിബന്‍ സര്‍ക്കാരിനെക്കുറിച്ചൊന്നും വീഡിയോയില്‍ പറയുന്നില്ല. 

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് അല്‍ സവാഹിരി അല്‍ ഖ്വയ്ദയുടെ നേതൃ സ്ഥാനത്തേക്കെത്തുന്നത്. എന്നാല്‍ ദീര്‍ഘകാലമായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ രോഗബാധിതനായി സവാഹിരി മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട്  അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. 

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ പൂര്‍ണ ആരോഗ്യവാനായാണ് സവാഹിരി പ്രതികരിക്കുന്നത്. സവാഹിരി എഴുതിയ 852 പേജുകളുള്ള പുസ്തകവും ടെലഗ്രാമിലൂടെ അല്‍ ഖ്വയ്ദ പുറത്തുവിട്ടിട്ടുണ്ട്. 2021 ഏപ്രിലിലാണ് പുസ്തകം എഴുതിയതെന്നാണ് വിവരം. അല്‍ ഖ്വയ്ദയുടെ ഭാവിയെക്കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

content highlights: Rumoured dead, al-Qaeda chief Ayman al-Zawahiri surfaces in video on 9/11 attacks anniversary