ജനീവ:ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ.മൈക്കിള്‍ റയാന്‍. ഏറ്റവും പ്രയാസമേറിയ സമയമാണ് ലോകം അഭിമുഖീകരിക്കാനിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കണക്കുകള്‍ നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെയും വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും വ്യത്യാസപ്പെട്ടേക്കാമെന്നും എന്നാല്‍ ആത്യന്തികമായി അത് അര്‍ഥമാക്കുന്നത് ലോകത്തെ വലിയൊരു വിഭാഗവും അപകടത്തിലാണെന്നാണെന്നും അദ്ദേഹം പറഞ്ഞു.

'ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലും കിഴക്കന്‍ മെഡിറ്ററേനിയനിലും കോവിഡ് മരണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം ആഫ്രിക്കയിലേയും പടിഞ്ഞാറന്‍ പസഫിക്കിലേയും സാഹചര്യങ്ങള്‍ കുറേക്കൂടി പോസിറ്റീവാണ്. ഞങ്ങളുടെ നിലവിലുളള ഏറ്റവും മികച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ പത്തുശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ്.'- റയാന്‍ പറയുന്നു. 

രോഗവ്യാപനം തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയിട്ടേയുളളൂവെന്നും റയാന്‍ മുന്നറിപ്പ് നല്‍കുന്നുണ്ട്.

നിലവിലെ കണക്കുപ്രകാരം 760 കോടിയാണ് ലോക ജനസംഖ്യ. റയാന്‍ പറയുന്നത് പ്രകാരം നോക്കുകയാണെങ്കില്‍ 76 കോടി ആളുകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകണം. എന്നാല്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍കലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 35 കോടിയോളം കേസുകള്‍ മാത്രമാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

Content Highlights:roughly 1 in 10 people worldwide may have been infected by corona virus says WHO