മോസ്കോ: യുഎസ്-റഷ്യ അസ്വാരസ്യങ്ങള്‍ ബഹിരാകാശത്തേക്ക്. സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രിക ദ്വാരമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് നാസയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

2018ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രിക രണ്ട് മില്ലിമീറ്റര്‍ വലുപ്പമുള്ള ഒരു ദ്വാരമുണ്ടാക്കിയതായുള്ള റഷ്യന്‍ ഏജന്‍സിയുടെ ആരോപണത്തെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. നാസയുടെ ബഹിരാകാശ യാത്രിക സെറീനയ്ക്ക് കടുത്ത മാനസിക സമ്മർദങ്ങള്‍ ഉണ്ടായിരുന്നെന്നും കാമുകനെ കാണാനായി തിരികെ ഭൂമിയിലെത്താന്‍വേണ്ടിയാണ് പേടകത്തില്‍ ഇവര്‍ ദ്വാരമുണ്ടാക്കിയതെന്നുമാണ് റഷ്യന്‍ മാധ്യമങ്ങളും സര്‍ക്കാര്‍ വൃത്തങ്ങളും ആരോപിക്കുന്നത്. എന്നാല്‍ റഷ്യയുടെ പിഴവ് നാസയുടെ യാത്രികരുടെ മേല്‍ വെച്ചുകെട്ടുന്നതായാണ് അമേരിക്കന്‍ മാധ്യമങ്ങളടക്കം അവകാശപ്പെടുന്നത്.

2018 ഓഗസ്റ്റിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത സോയൂസ് എംഎസ്-09 പേടകത്തിന്റെ ഒരു മൊഡ്യൂളില്‍ 2 മില്ലിമീറ്റര്‍ ദ്വാരം കണ്ടെത്തിയത്. അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ക്കോ റഷ്യന്‍ ബഹിരാകാശയാത്രികര്‍ക്കോ സംഭവത്തില്‍ അപകടമൊന്നും സംഭവിച്ചിരുന്നില്ലെങ്കിലും റഷ്യന്‍ ബഹിരാകാശ ഉദ്യോഗസ്ഥര്‍ വിഷയത്തെ വളരെ ഗൗരവമായാണ് കണ്ടത്. 

റഷ്യന്‍ ബഹിരാകാശയാത്രികയായ സെര്‍ജി പ്രോകോപിയേവ്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശയാത്രികന്‍ അലക്‌സാണ്ടര്‍ ഗെര്‍സ്റ്റ്, നാസയുടെ സെറീന ഓന്‍-ചാന്‍സലര്‍ എന്നിവരാണ് അന്ന് സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

സംഭവത്തിനുശേഷം ആരാണ് ഇതിന് ഉത്തരവാദിയെന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. നിര്‍മാണത്തിലോ പരിശോധനയിലോ ഉണ്ടായ പിഴവാണ് 'ദ്വാരത്തിന്' കാരണമായതെന്നാണ് ആദ്യം ചില റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നാസയുടെ ബഹിരാകാശയാത്രികയാണ് ദ്വാരം ഉണ്ടാക്കിയതെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ ഉറവിടങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. 

നാസയുടെ ബഹിരാകാശയാത്രികയായ സെറീന ഔണ്‍-ചാന്‍സലര്‍ക്ക് കടുത്ത മാനസിക പ്രതിസന്ധിയുണ്ടായിരുന്നെന്നും എത്രയും വേഗം ഭൂമിയിലേക്ക് മടങ്ങാന്‍ ദ്വാരം തുരന്നെന്നും റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂസ് സര്‍വീസായ ടിഎഎസ്എസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത നിഷേധിച്ച നാസ അന്ന് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ റോസ്‌കോസ്‌മോസിലെ വിദഗ്ധര്‍ നടത്തിയ അന്വേഷണം അവസാനിച്ചതായി ഏജന്‍സി മാധ്യമങ്ങളെ അറിയിച്ചു. സോയൂസ് MS-09 ബഹിരാകാശ പേടകത്തിന്റെ ആവാസ മൊഡ്യൂളിലെ ദ്വാരത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ നിയമ-നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി റോസ്‌കോസ്‌മോസ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടിട്ടില്ല.

Content Highlights: roscosmos to sue nasa astronaut allegedly drilling a hole in spacecraft