ജെനീവ: ബംഗ്ലാദേശിലെ ആറുലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളിലെ 58 ശതമാനം കുഞ്ഞുങ്ങളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായി ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. വംശീയ ആക്രമണങ്ങളില്‍നിന്ന് രക്ഷതേടിതേടിയാണ് മ്യാന്‍മറില്‍നിന്ന് റോഹിംഗ്യകള്‍ ബംഗ്ലാദേശിലെത്തിയത്. 

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ കുഞ്ഞുങ്ങള്‍ കടുത്ത പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി  Outcast and Desperate: Rohingya refugee children face a perilous future എന്ന പേരില്‍ യൂണിസെഫ് ഉദ്യോഗസ്ഥനായ സൈമണ്‍ ഇന്‍ഗ്രാം തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

എഫെ ന്യൂസിനെ ഉദ്ധരിച്ച് ഐ എ എന്‍ എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് വംശീയ ആക്രമണത്തെ തുടര്‍ന്ന് മ്യാന്‍മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. തെക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ കഴിഞ്ഞയാഴ്ച ആറുലക്ഷത്തോളം അഭയാര്‍ഥികളാണ് എത്തിയത്.

മുമ്പ് രണ്ടുലക്ഷത്തോളം റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ചാണ് റോഹിംഗ്യന്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന കഷ്ടതകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

ആക്രമണത്തിന്റെ സമയത്ത്  മ്യാന്‍മറില്‍ ആയിരിക്കുമ്പോഴും തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് കടന്ന അവസരത്തിലും പ്രായപൂര്‍ത്തിയാകാത്ത റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സൈനികര്‍ വെടിവയ്ക്കുന്നതിന്റെ കുട്ടികള്‍ വരച്ച ചിത്രങ്ങളും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മധ്യത്തോടെ അരാഖന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി സൈനിക പോസ്റ്റുകള്‍ക്കു നേരെ നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം.

തുടര്‍ന്ന് റോഹിംഗ്യകള്‍ക്കും അവരുടെ ഗ്രാമങ്ങള്‍ക്കും നേരെ മ്യാന്‍മര്‍ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. യൂണിസെഫിന്റെ കണക്കു പ്രകാരം അഞ്ചുവയസ്സില്‍ താഴെയുള്ള, അഞ്ചുകുഞ്ഞുങ്ങളില്‍ ഒരാള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്.

കോളറ, മീസല്‍സ്, പോളിയോ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ നല്‍കിയതാണ് പകര്‍ച്ചാവ്യാധി ഭീഷണിയെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സഹായിച്ചത്. എന്നാല്‍ ഇവയുടെ ഭീഷണി പൂര്‍ണമായും ഒഴിവായെന്ന് പറയാനാവില്ല- സൈമണ്‍ ഇന്‍ഗ്രാം പറഞ്ഞു. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.