കാബൂള്‍: രാജ്യത്തിന്റെ വിവിധ മേഖലകളില്‍ താലിബാന്‍ ആക്രമണം നടക്കുന്നതിനിടെ അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് നേരെ റോക്കറ്റ് ആക്രമണം. പ്രസിഡന്റ് അഷ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ആക്രമണമുണ്ടായത്. 

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന വളപ്പില്‍ തന്നെയാണ് അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള ചില നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളിലാണ് റോക്കറ്റ് പതിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി സ്ഥിരീകരണമില്ല.

അതേസമയം ആക്രമണം നടന്നെങ്കിലും കനത്ത സുരക്ഷയൊരുക്കിയ ശേഷം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തു. അഫ്ഗാനിസ്താന്റെ ഭാവി എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് അഫ്ഗാന്‍ ജനതയാണ്. ദൃഢമായ തീരുമാനവുമായി നാം മുന്നോട്ട് പോയാല്‍ ആറ് മാസത്തിനുള്ളില്‍ ഈ സാഹചര്യം മാറുമെന്നും പ്രസിഡന്റ് പറഞ്ഞു. നമ്മുടെ ജനതയോട് പ്രതീക്ഷയുണര്‍ത്തുന്ന എന്തെങ്കിലും തീരുമാനം ഇതുവരെ താലിബാന്റെ ഭാഗത്ത് നിന്ന് ഉണ്ടായോ? പ്രത്യേകിച്ച് സ്ത്രീകളോട്? ഗനി ചോദിച്ചു.

അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്മാറിയതിന് പിന്നാലെ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്റെ പിടിയിലായി.

ഇതാദ്യമായിട്ടല്ല അഫ്ഗാനില്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ഡിസംബറിലും സമാനമായ ആക്രമണം നടന്നിരുന്നു.

Content Highlights: Rocket attack against Afghanistan`s Presidential palace