കൊളംബോ: ശ്രീലങ്കയിൽ ജയിലിലുണ്ടായ കലാപത്തിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മഹാര ജയിലിൽ ഞായറാഴ്ചയാണ് സംഭവം. തടവുകാരിൽ ചിലർ ജയിൽ ചാടാൻ ശ്രമിച്ചതാണ് കലാപത്തിലേക്ക് വഴിവെച്ചത്.

റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഈ നീക്കത്തെ ചെറുക്കാൻ ജയിൽ അധികൃതർക്ക് നടപടി സ്വീകരിക്കേണ്ടി വരികയായിരുന്നുവെന്ന് പോലീസ് വക്താവ് അജിത്ത് രൊഹാന പറഞ്ഞു.

കലാപകാരികൾ ജയിലിനുള്ളിലെ അടുക്കളയും റെക്കോർഡ് മുറിയും അഗ്നിക്കിരയാക്കിയതായി ജയിൽ അധികൃതർ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ബന്ദികളാക്കി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നും കലാപത്തിൽ പരിക്കേറ്റ രണ്ട് ജയിൽ ജീവനക്കാരടക്കം 37 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

175 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് മഹാര ജയിലിലെ തടവുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയിലുകളിൽ കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ ജയിലുകളിൽ തടവുകാർ പ്രതിഷേധിച്ചിരുന്നു. 10,000 തടവുകാരെ മാത്രം ഉൾക്കൊള്ളാൻ സൗകര്യമുള്ള ലങ്കൻ ജയിലുകളിൽ നിലവിൽ 26,000ത്തിലധികം തടവുകാരാണ് തിങ്ങിപാർക്കുന്നത്.

content highlights:Riot breaks out at Sri Lanka prison when inmates try to escape, 8 killed, 37 injured