അന്താരാഷ്ട്ര തലത്തിലെ കോടിപതിളുടെ ഏറ്റവും പുതിയ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടു. ടെക് ഭീമന്‍മാരുടെ മുന്നേറ്റമാണ് പട്ടികയില്‍ ഇത്തവണ കണ്ടത്. നാല് ടെക് മേധാവികളാണ് ആദ്യ പത്തിലുള്ളത്.

ബിസിനസ്സില്‍ ഇടിവുണ്ടായെങ്കിലും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആദ്യസ്ഥാനം നിലനിര്‍ത്തി. 7500 കോടി ഡോളറാണ് ഗേറ്റ്‌സിന്റെ ആസ്തി. ആമസോണ്‍ മേധാവി ജെഫ് ബെസോസാണ് ബില്‍ഗേറ്റ്‌സിന് ശേഷമുള്ള ടെക് മേധാവി. ആസ്തി 4520 കോടി ഡോളര്‍.

Mark Zuckerberg
മാര്‍ക്ക് സക്കര്‍ബെര്‍ഗ്.

 

മികച്ച മുന്നേറ്റം നടത്തിയ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് പത്ത് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി ആറാമതെത്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സക്കര്‍ബെര്‍ഗിന്റെ ആസ്തി 4460 കോടി ഡോളറാണ്. 4360 കോടി ആസ്തിയുമായി ഏഴാമതുള്ള ഒറാക്കിള്‍ മേധാവി ലാറി എലിസണ്‍ ആണ് ആദ്യ പത്തിലുള്ള മറ്റൊരു ടെക് ഭീമന്‍.

ഗൂഗിള്‍ ഉടമകളായ ലാറി പേജും സെര്‍ജി ബ്രിന്നും പന്ത്രണ്ടും പതിമൂന്നും സ്ഥാനത്തുണ്ട്. 3520 കോടി ഡോളര്‍ ആസ്തിയോടെ ലാറി പേജാണ് പന്ത്രണ്ടാമത്. 3440 കോടി ഡോളറുമായി സെര്‍ജി ബിന്‍ തൊട്ടുപിന്നിലുണ്ട്.

mukesh ambani
മുകേഷ് അംബാനി

 

ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനിയാണ് പട്ടികയില്‍ ആദ്യമുള്ളത്. 1930 കോടി ഡോളര്‍ ആസ്തിയുമായി 36ാം സ്ഥാനത്താണ് മുകേഷ്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ വമ്പനായ ദിലീപ് സാങ്‌വി (1670 കോടി ഡോളര്‍) 44-ാമതുണ്ട്. 55-ാം സ്ഥാനത്തുള്ള അസീം പ്രേംജി (1500 കോടി ഡോളര്‍), 88-ാം സ്ഥാനത്തുള്ള ശിവ് നാടാര്‍ (1110 കോടി ഡോളര്‍) എന്നിവരാണ് ആദ്യ നൂറിലുള്ള മറ്റ് ഇന്ത്യക്കാര്‍.

പട്ടികയിലെ ആദ്യ പത്തു പേര്‍
(പേര്, സ്ഥാപനം, രാജ്യം എന്ന ക്രമത്തില്‍)
1. ബില്‍ ഗേറ്റ്‌സ് (മൈക്രോസോഫ്റ്റ്, യു.എസ്)
2. അമാന്‍സിയോ ഒര്‍ട്ടേഗ (സറ, സ്‌പെയിന്‍)
3. വാരന്‍ ബഫറ്റ് (ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്‌വേ, യു.എസ്)
4. കാര്‍ലോസ് സ്ലിം ഹെലു (ടെലികോം, മെക്‌സിക്കോ)
5. ജെഫ് ബോസ് (ആമസോണ്‍, യു.എസ്)
6. മാര്‍ക്ക് സക്കര്‍ബെര്‍ഗ് (ഫെയ്‌സ്ബുക്ക്, യു.എസ്)
7. ലാറി എല്ലിസണ്‍ (ഒറാക്കിള്‍, യു.എസ്)
8. മൈക്കേല്‍ ബ്ലൂംബെര്‍ഗ് (ബ്ലൂംബെര്‍ഗ് എല്‍പി, യൂ.എസ)
9. ചാള്‍സ് കോച് (വ്യത്യസ്ത സംരംഭങ്ങള്‍, യു.എസ്)
10. ഡേവിഡ് കോച് (വ്യത്യസ്ത സംരംഭങ്ങള്‍, യു.എസ്)