വെർജിൻ ഗാലക്റ്റികിൽ ബഹിരാകാശ യാത്ര നടത്തുന്ന റിച്ചാർഡ് ബ്രാൻസണും സംഘവും| ഫോട്ടോ എ.എഫ്.പി
'അടുത്ത ഏതാനും വര്‍ഷത്തിനിടെ ആയിരക്കണക്കിന് ബഹിരാകാശയാത്രികരെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആകാശത്തിന്റെ ഉയരങ്ങളിലിരുന്ന് ഭൂമിയുടേയും കോടാനുകോടി നക്ഷത്രങ്ങളുടേയും മനോഹാരിത ആസ്വദിക്കാനുള്ള നിരവധി പേരുടെ സ്വപ്നം അങ്ങനെ സാധ്യമാകും. അല്പനേരമെങ്കിലും ഭാരമില്ലായ്മ എന്ന വിസ്മയകരമായ അവസ്ഥയിലൂടെ അവര്‍ക്ക് കടന്നു പോകാനാവും'. 2004-ല്‍ വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ളൈറ്റ് കമ്പനി ആരംഭിക്കുമ്പോള്‍ കമ്പനിയുടെ ലക്ഷ്യത്തെ കുറിച്ച് റിച്ചാര്‍ഡ് ബ്രാന്സണ് വ്യക്തമാക്കി.
പ്രതിബന്ധങ്ങള്‍ കാരണം കമ്പനിയുടെ ലക്ഷ്യപ്രാപ്തി നീണ്ടുപോയെങ്കിലും പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് മിനിറ്റ് നേരത്തെ ഭാരമില്ലായ്മയും ആസ്വദിച്ച് തന്റെ പതിനൊന്ന് മിനിറ്റ് നീണ്ട യാത്ര കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രാന്സണ് ബഹിരാകാശ വിനോദസഞ്ചാര മേഖലയില്‍ പുതിയൊരധ്യായമാണ് എഴുതിച്ചേര്‍ത്തത്. ഇന്ത്യന്‍ വംശജയായ സിരിഷ ബാന്ഡ്ലയടക്കം ആറംഘസംഘമാണ് ഈ ചരിത്രപ്രധാന യാത്ര നടത്തിയത്. വിനോദസഞ്ചാരമെന്ന നിലയില്‍ ബഹിരാകാശത്തെത്തുന്ന ആദ്യസംഘവും ഇവര്‍ തന്നെ. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ് എഴുപതുകാരനായ ബ്രാന്‍സന്റെ പ്രതികരണം.
ബ്രാന്‍സന്റെ ലക്ഷ്യവും നീണ്ട പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പും
ഭാരം കുറഞ്ഞ ആകാശയാനങ്ങളുടെ നിര്‍മാണത്തിലൂടെ പ്രശസ്തനായ ബര്‍ട്ട് റൂട്ടന്‍ എന്ന അമേരിക്കന്‍ എയറോസ്പേസ് എന്ജിനീയര്ക്കൊപ്പമാണ് 2004 ല്‍ ബ്രാന്സണ് വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ്ഷിപ്പ് കമ്പനി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായ ഗ്രൂപ്പുകള്‍ക്ക് കമ്പനിയില്‍ ഷെയറുകളുണ്ട്. 2007 ല്‍ ആദ്യസംഘത്തെ അയക്കണമെന്നായിരുന്നു ബ്രാന്സണ് കരുതിയതെങ്കിലും പരീക്ഷണങ്ങള്‍ക്കിടെയുണ്ടായ റോക്കറ്റ് മോട്ടോര്‍ സ്ഫോടനത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതോടെ ആ ആഗ്രഹം തടസ്സപ്പെട്ടു.
വിഎസ്എസ് എന്ന ആദ്യ സ്പേസ്ഷിപ്പ് 2 വിമാനം 2010-ല്‍ പരീക്ഷണപറക്കല്‍ നടത്തി. കാരിയര്‍ വിമാനത്തില്‍ ഘടിപ്പിച്ചായിരുന്നു അതിന്റെ സഞ്ചാരം. വാഹിനി വിമാനമായ വൈറ്റ് നൈറ്റ് വിമാനത്തില്‍ നിന്ന് വിഎസ്എസിനെ വേര്‍പ്പെടുത്താതെ തിരിച്ചിറങ്ങി. അതേ വര്‍ഷം ഒക്ടോബറില്‍ വിഎസ്എസ് സ്വയം പറന്ന് സുരക്ഷിതമായി മോജേവ് എയര്‍ ആന്‍ഡ് സ്പേസ് പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ഓരോ തവണത്തെ പരീക്ഷണപ്പറക്കിലിനൊടുവിലും അടുത്തു തന്നെ വിനോദസഞ്ചാര ബഹിരാകാശയാത്ര സാധ്യമാകുമെന്ന് ബ്രാന്സണ് തുടരെ പ്രഖ്യാപിച്ചിരുന്നു.

2013 ഏപ്രിലിലാണ് വിഎസ്എസിന്റെ ആദ്യത്തെ സൂപ്പര്‍സോണിക് ബഹിരാകാശ വാഹനത്തിന്റെ വിജയകരമായ പരീക്ഷണപ്പറക്കല്‍. എന്‍ജിനിലുണ്ടായ പ്രകമ്പനങ്ങളെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ചു. റോക്കറ്റിലെ ഇന്ധനം മാറ്റി നിറച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. ഒക്ടോബറില്‍ മോജേവ് സ്പേസ് പോര്‍ട്ടില്‍ നിന്ന് 55 -മത്തെ പരീക്ഷണപ്പറക്കല്‍ നടന്നു. റോക്കറ്റില്‍ നിന്ന് പേടകം വേര്‍പ്പെട്ട് പതിനൊന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം വിമാനം തകര്‍ന്ന് സഹപൈലറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതനായി നിലത്തിറങ്ങി.
2016 ല്‍ രണ്ടാമത്തെ വെര്‍ജിന്‍ ഗാലക്റ്റിക് സ്പേസ്പ്ലെയിന്യാത്രയ്ക്ക് തയ്യാറായി. വിഎസ്എസ് യൂണിറ്റി എന്ന് ആ ബഹിരാകാശ വിമാനത്തിന് പേര് നല്‍കിയത് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങാണ്. അതിനും ചില യന്ത്രപോരായ്മകള് ഉണ്ടായിരുന്നു. ഒടുവില്‍ 2018 ഡിസംബറില്‍ യൂണിറ്റി 80 കിലോ മീറ്റര്‍ ഉയരം താണ്ടി-ബഹിരാകാശ അതിര്‍ത്തിയായി ചില സ്ഥാപനങ്ങള്‍ കണക്കാക്കുന്ന ഉയരമാണത്. ഒടുവില്‍ 2021 ജൂലായ് 11-ന് ബ്രാന്‍സന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു.
ബഹിരാകാശവിനോദസഞ്ചാരം:ആദ്യം പറന്നത് റഷ്യ,പരീക്ഷണം തുടരുന്നത് നിരവധി കമ്പനികള്‍
ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്ക്കും ബഹിരാകാശവും ബഹികാരാകാശത്തിനപ്പുറത്തെ കാഴ്ചകളും എന്നും കൗതുകമുണര്‍ത്തുന്ന വസ്തുതകളാണ്. ഓര്‍ബിറ്റല്‍, സബ് ഓര്‍ബിറ്റല്‍, ലൂണാര്‍ സ്പേസ് തുടങ്ങി വിവിധ തരത്തിലാണ് ബഹിരാകാശ വിനോദ സഞ്ചാരത്തിനുള്ള അവസരങ്ങള്‍ വിവിധ കമ്പനികള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ബഹികാരാശവിനോദസഞ്ചാരികള്ക്കുള്ള വാഹനങ്ങള്‍ പരീക്ഷണഘട്ടങ്ങളിലാണ്. വെര്‍ജിന്‍ ഗാലക്റ്റിക്,ബ്ലൂ ഒറിജിന്‍ എന്നീ കമ്പനികള്‍ക്ക് പുറമെ എലോണ്‍ മസ്കിന്റെ സ്പേസ് എക്സും വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശസഞ്ചാരത്തിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
2001 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ റഷ്യയില്‍ നിന്ന് എട്ട് സ്പേസ് ഫ്ളൈറ്റുകളാണ് ബഹികാരാശ സന്ദര്‍ശകരുമായി പറന്നത്. 2010 ല്‍ റഷ്യ ഓര്‍ബിറ്റല്‍ സ്പേസ് ടൂറിസം നിര്‍ത്തി വെച്ചു. 2015 ല്‍ ഇത് പുനരാരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും 2009 ന് ശേഷം റഷ്യയില്‍ നിന്ന് വിനോദസഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പറന്നിട്ടില്ല. 2019 ല്‍ നാസയും വിനോദസഞ്ചാരികള്‍ക്കായി യാത്രാസൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണും ബോയിങ് സ്റ്റാര്‍ലൈനറും സഞ്ചാരികള്‍ക്കായി ഉയോഗപ്പെടുമെന്നും നാസ അറിയിച്ചു. പ്രതിദിനം 35,000 യുഎസ് ഡോളര്‍ ആണ് നാസയുടെ 'ടിക്കറ്റ് ചാര്‍ജ്' ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അര്‍മാഡില്ലോ എയര്‍സ്പേസ്, എക്സ്കോര് എയറോസ്പേസ് തുടങ്ങിയ കമ്പനികള്‍ ബഹിരാകാശ വിനോദ സഞ്ചാരപദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
ബ്രാന്സണ് നല്കുന്ന ഓഫര്‍; ബഹിരാകാശയാത്രക്കൊരുങ്ങി ജെഫ് ബെസോസും എലോണ്‍ മസ്കും
ദിവസേന ബഹിരാകാശ യാത്രാവിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വെര്‍ജിന്‍ ഗാലക്റ്റിക് അറിയിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ 400 ഓളം വിമാനങ്ങള്‍ പറത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. അറുപത് രാജ്യങ്ങളില്‍ നിന്നായി അറുനൂറോളം പേര് ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇതില്‍ ലോകത്തിലെ സമ്പന്നരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ടിക്കറ്റ് ചാര്‍ജ്. ബുക്കിങ്ങിന് 10,000 ഡോളര്‍ നല്‍കണം. 'ബഹിരാകാശം എല്ലാവര്ക്കും സ്വന്തമാണ്, പക്ഷെ നിലവില്‍ സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രമേ അത് ആസ്വദിക്കാനാവൂ'-ബ്രാന്സണ് പറഞ്ഞു. എങ്കിലും കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ ചെലവില്‍ ബഹിരാകാശയാത്രയ്ക്കുള്ള അവസരം ഒരുക്കുമെന്നും ബ്രാന്സണ് ഉറപ്പു നല്കി.
സ്പേസ് എക്സ് ബഹിരാകാശവിനോദസഞ്ചാരത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടയിലും എലോണ്‍ മസ്ക് വെര്‍ജിന്‍ ഗാലക്റ്റികില്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി ബ്രാന്സണ് അറിയിച്ചു. എലോണ്‍ മസ്ക് തന്റെ സുഹൃത്താണെന്നും ഭാവിയില്‍ ചിലപ്പോള്‍ താന്‍ സ്പേസ് എക്സിന്റെ വിമാനത്തില്‍ ബഹിരാകാശ യാത്ര നടത്തുമെന്നും ഞായറാഴ്ച ഒരഭിമുഖത്തിനിടെ ബ്രാന്സണ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും സമ്പന്ന വ്യവസായികളുടെ പുതിയ ഹരമാണ് ബഹിരാകാശവിനോദസഞ്ചാരം അഥവാ സ്പേസ് ടൂറിസം. ബ്രാന്സന് അഭിനന്ദങ്ങളറിയിച്ച് ജെഫ് ബെസോസ് ട്വീറ്റ് ചെയ്തു. ജൂലായ് 20-ന് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനി യാത്രക്കൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ബെസോസ്. തങ്ങളുടെ കമ്പനി നല്കുന്ന യാത്രാനുഭവങ്ങളെ കുറിച്ചുള്ള ഇന്ഫോഗ്രാഫികും ബ്ലൂ ഒറിജിന്‍ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഭൂമിക്ക് പുറമേ ആകാശത്തും വ്യവസായ ഭീമന്മാര് ആധിപത്യത്തിനൊരുങ്ങുകയാണ്. സാധാരണക്കാര്‍ക്കും ബഹിരാകാശ യാത്ര സാധ്യമാകുന്ന ഒരു വരുംകാലത്തിനായി നമുക്ക് കാത്തിരിക്കാം.
Content Highlights: Richard Branson Trip To Edge Of Space Virgin Galactic Space Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..