വാഷിങ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. അമേരിക്കന്‍ ചാരസംഘടനായ സി.ഐ.എയുടെ തലവന്‍ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാവും. ജിന ഹാസ്‌പെല്‍ സി.ഐ.എയുടെ പുതിയ ഡയറക്ടറാകും.

സി.ഐ.എ ഡയറക്ടര്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാവും ജിന ഹാസ്‌പെല്‍. നിലവില്‍ സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടറാണ് അവര്‍.

കാബിനറ്റില്‍ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ട്രംപും ടില്ലേഴ്‌സനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതുമുതല്‍ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. ടില്ലേഴ്‌സന്റെ നയതന്ത്ര ഇടപെടലുകളെ ട്രംപ് പലതവണ വിമര്‍ശിച്ചിരുന്നു. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നുമായി ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് സുപ്രധാന മാറ്റം.