Representative Image| Gettyimages.in
മോസ്‌കോ: റഷ്യയുടെ ' സ്പുട്‌നിക്-അഞ്ച് ' കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത എല്ലാവരിലും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്ന് പഠനഫലം. ഈ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി 76 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള്‍ വികസിക്കുന്നതായി കണ്ടെന്നും ഇവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലായിരുന്നുവെന്നും ഫലങ്ങള്‍ പറയുന്നു. ലാന്‍സെറ്റ് മെഡിക്കല്‍ ജേർണലാണ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.
രണ്ട് ഘട്ടങ്ങളിലായി 42 ദിവസം നീണ്ടുനിന്ന പരീക്ഷണത്തില്‍ പങ്കെടുത്ത ആരിലും ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടായില്ലെന്നും ഇവരില്‍ ആന്റിബോധി പ്രതികരണം ഉണ്ടായെന്നും മെഡിക്കല്‍ ജേർണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വാക്‌സിനുകളുടെ ദീര്‍ഘകാല സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആവശ്യമാണെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്നാണ് 'സ്പുട്നിക്-അഞ്ച്' വാക്സിന്‍ വികസിപ്പിച്ചത്. 1957-ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിനെ അനുസ്മരിച്ചുകൊണ്ടാണ് വാക്‌സിന് 'സ്പുട്നിക്-അഞ്ച്' എന്ന് പേര് നല്‍കിയത്.
'സ്പുട്നിക്-അഞ്ച്' കോവിഡ് വാക്‌സിന്റെ ആഭ്യന്തര ഉപയോഗത്തിനായി റഷ്യ ഓഗസ്റ്റ് മാസത്തില്‍ അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പോ അതിന്റെ വിപുലമായ ട്രയല്‍ പൂര്‍ത്തിയാകും മുമ്പോ ഇത്തരത്തില്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് റഷ്യ.
എന്നാല്‍ അതേ സമയം ചില വിദഗ്ധര്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിന്‍ കുത്തിവെയ്ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ സംബന്ധിച്ച് പഠനഫലം അന്താരാഷ്ട്ര ജേർണലില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights: Results of Russia's Covid-19 vaccine produced antibody response: The Lancet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..