Photo: AP
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ഏതെല്ലാം വിധത്തില്‍ മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒട്ടേറെ പഠനങ്ങളാണ് ലോകത്ത് പലയിടത്തായി നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കുട്ടികളിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച് താരതമ്യേന കുറഞ്ഞ പഠനങ്ങളേ നടന്നിട്ടുള്ളൂ. നവജാത ശിശുക്കളിലും കുട്ടികളിലും വൈറസിന്റെ പ്രവര്‍ത്തനം എപ്രകാരമായിരിക്കും എന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോവിഡ് 19 ബാധിച്ച കുട്ടികളില്‍ താരതമ്യേന കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രമേ കാണാനാവൂ എന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടാതെ, കൊറോണ വൈറസ് ബാധിച്ച കുട്ടികളില്‍ നേരത്തെ രോഗനിര്‍ണയം നടത്താനും ഒന്ന്-രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തിയിലേയ്ക്ക് എത്താനും സാധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1065 പേരിലായി നടത്തിയ വ്യത്യസ്തമായ 18 പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ചൈന, സിംഗപുര്‍ തുടങ്ങിയ രാജ്യങ്ങളിലായി 0-9 വയസ്സിനിടയിലുള്ള കുട്ടികളിലാണ് പഠനം നടന്നത്. പഠനം നടത്തിയ കുട്ടികളിലെല്ലാംതന്നെ പനിയും ചുമയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങളോടെ ആശുപത്രിയിര്‍ വേശിപ്പിച്ച് ചികിത്സയിലൂടെ രോഗമുക്തരാക്കാന്‍ സാധിച്ചു.
പഠനം നടത്തിയ കുട്ടികളില്‍ ഒരു നവജാത ശിശുവിനു മാത്രമേ രോഗം ഗുരുതരമാവുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നുള്ളൂ. എന്നാല്‍ തീവ്രപരിചരണത്തിലൂടെ ഈ ശിശുവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. പഠനത്തില്‍ ഉള്‍പ്പെട്ട ഗുരുതരാവസ്ഥിയിലുള്ള ശിശു ഒഴികെ മറ്റാര്‍ക്കും ഓക്‌സിജന്റെയോ വെന്റിലേറ്ററിന്റെയോ ആവശ്യം ഉണ്ടായില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പൊതുവില്‍ മാതാപിതക്കളില്‍നിന്നോ മറ്റു കുടുംബാംഗങ്ങളില്‍നിന്നോ സമ്പര്‍ക്കം മൂലമാണ് കുട്ടികളില്‍ വൈറസ് ബാധയുണ്ടാകുന്നത്. നവജാത ശിശുക്കളില്‍ രോഗബാധയുണ്ടാകുന്നത് പ്രസവസമയത്തോ തുടര്‍ന്നുള്ള ദിവസങ്ങളിലോ ആകാമെന്നാണ് ഗവേഷകരുടെ നിഗമനം. ഇത് സ്ഥികരീക്കുന്നതിന് കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ പറയുന്നു.
Content Highlights: Researchers decode coronavirus COVID-19 symptoms, outcomes in children
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..