വെല്ലിങ്ടണ്‍: ന്യൂസിലന്റില്‍  കരയ്ക്കടിഞ്ഞ തിമിംഗല കൂട്ടങ്ങളില്‍  ജീവനോടെ അവശേഷിച്ചവയ്ക്ക് ആഴക്കടലിലേക്ക് മടക്കം. ന്യൂസിലാന്റിന്റെ ദക്ഷിണ ദ്വീപായ ഫെയര്‍വെല്‍ സ്പിറ്റില്‍ 460 തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞതില്‍ 300 എണ്ണം ചത്തിരുന്നു. ശേഷിച്ച 100 എണ്ണത്തിനെ രക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും. ശ്രമം വിജയിച്ചതോടെ തിമിംഗലങ്ങള്‍ ആഴക്കടലിലേക്ക് യാത്രയായി. തൊട്ടടുത്ത ദിവസം തീരത്തെത്തി കുടുങ്ങിയ  നൂറോളം വരുന്ന തിമിംഗല കൂട്ടത്തെയും ആഴക്കടലിലേക്ക് തിരിച്ചയ്ക്കാന്‍ പ്രവര്‍ത്തകര്‍ക്കായി.

whale2ശനിയാഴ്ച്ച 240ഓളം വരുന്ന തിമിംഗലങ്ങളെ ബോട്ടുകളുടെയും മറ്റ് സഹായത്തോടു കൂടിയും മനുഷ്യ മതില്‍ തീര്‍ത്തും ആഴക്കടലിലേക്ക് ഗതി തിരിച്ചു വിടാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി.

തീരത്തേക്ക് കുതിക്കാന്‍ തിമിംഗലങ്ങളെ പ്രേരിപ്പിച്ചതിന്റെ കാരണം ശാസ്ത്ര ലോകം അന്വേഷിച്ചുവരികയാണ്. ഒരു തിമിംഗലം അപായപ്പെട്ടതിനെത്തുടര്‍ന്ന് അത് പുറപ്പെടുവിക്കുന്ന അപായസൂചന കേട്ടെത്തിയപ്പോള്‍ മറ്റ് തിമിംഗലങ്ങളും കരയില്‍ കുടുങ്ങിയതാവാമെന്ന നിഗമനവുമുണ്ട്.

ന്യൂസിലാന്റ് മറൈന്‍ മാമ്മല്‍ ചാരിറ്റി പുറത്തു വിട്ട കണക്ക് പ്രകാരം 416 തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെടാതെ അവശേഷിച്ച 200ലധികം  തിമിംഗലങ്ങള്‍ക്ക് ശ്രദ്ധയോടെയുള്ള പരിചരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. നനഞ്ഞ തുണികള്‍ ദേഹത്തിട്ടും മറ്റും പരമാവധി ഇവയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ആവുന്നത്ര പ്രവര്‍ത്തിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ച ചില തിമിംഗലക്കൂട്ടങ്ങളില്‍ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് ന്യൂസിലാന്റിലാണ്. പ്രതിവര്‍ഷം ചുരുങ്ങിയത് 300 തിമിംഗലങ്ങളും ഡോള്‍ഫിനുകളും ന്യൂസിലന്റില്‍ കരയ്ക്കടിയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും നടക്കുന്നതാകട്ടെ ഫെയര്‍വെല്‍ സ്പിറ്റിലും. തിമിംഗലങ്ങള്‍ക്ക് കെണിയൊരുക്കുന്ന തരത്തിലുള്ള ഭൂപ്രദേശ ഘടനയും  ഇവിടെ അടിയ്ക്കുന്ന തിരയുമാണ് ഈ തീരത്തെ തിമിംഗലങ്ങളുടെ ശവപ്പറമ്പാക്കുന്നത്. ഇതുവരെ തീരത്തടിഞ്ഞ് ചത്ത തിമിംഗലങ്ങളില്‍ ഏറ്റവും കൂടുതല്‍ ചത്തത് ഇത്തവണയാണ്.