വാഷിങ്ടണ്‍: കോവിഡ്-19 വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ടുള്ള ബൗദ്ധിക സ്വത്തവകാശനിയമവ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആഗോള വ്യാപാര സംഘടനയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച ആവശ്യം അംഗീകരിക്കരുതെന്ന് സെനറ്റര്‍മാരുടെ സംഘം യുഎസ് പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശം നല്‍കി. ഇരു രാജ്യങ്ങളുടേയും ആവശ്യം അംഗീകരിച്ചു കൊണ്ട് അമേരിക്കന്‍ കമ്പനികള്‍ തയ്യാറാക്കിയ നിയമവ്യവസ്ഥകള്‍  നീക്കം ചെയ്താല്‍ കോവിഡ് വാക്‌സിനുകളുടെ ഉത്പാദകരുടെ എണ്ണം ഞൊടിയിടയില്‍ വര്‍ധിക്കുമെന്ന് പ്രസിഡന്റിനയച്ച കത്തില്‍ സൂചിപ്പിരിക്കുന്നു.

മൈക്ക് ലീ, ടോം കോട്ടണ്‍, ജോണി എണ്‍സ്റ്റ്, ടോഡ് യങ് എന്നീ നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചത്. അമേരിക്കന്‍ കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശം മരവിപ്പിക്കുന്നത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്നാണ് ചില രാജ്യങ്ങള്‍ കരുതുന്നതെന്ന് കത്തില്‍ പറയുന്നു. നിയമവ്യവസ്ഥകള്‍ നീക്കം ചെയ്യുന്നത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മെച്ചപ്പെട്ട വാക്‌സിനുകളുടെ വികസനത്തെ ഇല്ലാതാക്കുമെന്നാണ് സെനറ്റര്‍മാരുടെ വാദം. 

വാക്‌സിന്‍ വികസിപ്പിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കുള്ള പേറ്റന്റ് എടുത്തു കളയുന്നതോടെ മറ്റ് കമ്പനികള്‍ സമാനരീതിയിലുള്ള വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തുകയും അത് ഗുണനിലവാരം കുറഞ്ഞ വാക്‌സിനുകളുടെ നിര്‍മാണത്തിന് വഴിയൊരുക്കുകയും അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയായി മാറുമെന്നും സെനറ്റര്‍മാര്‍ പറയുന്നു. ആഗോളമഹാമാരിയുടെ അപകടം കുറഞ്ഞു വരികയാണെന്നും രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനം പേരും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ നടപടിയെടുക്കുന്നത്  ഇതു വരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ സൂചനയുണ്ട്. 

 

Content Highlights: Republicans urge Biden to not accept India's proposal at WTO on Covid-19