വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ നിയമപരമായ വെല്ലുവിളികള്‍ക്ക് ധനസഹായം നല്‍കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചുരുങ്ങിയത് 60 ദശലക്ഷം ഡോളര്‍ (443 കോടിയോളം രൂപ) സമാഹരിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ജോ ബൈഡനെതിരെ നിരവിധി സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ടീം പരാതി നല്‍കിയിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ ദേശീയ സമിതിയുടെ ഫണ്ട് സമാഹരണ അഭ്യര്‍ത്ഥന ലഭിച്ച ഒരു റിപ്പബ്ലിക്കന്‍ അനുയായിയാണ്‌ നിയമസഹായത്തിന് ട്രംപ് ധനസമാഹരണം നടത്തുന്ന കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ടീമോ റിപ്പബ്ലിക്കന്‍ ദേശീയ സമിതിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ചൊവ്വാഴ്ച വോട്ടെടുപ്പ് അവസാനിച്ചത് മുതല്‍ തന്നെ ട്രംപ് ടീം തിരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ നടന്നെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നിയമസഹായത്തിന് ധനസമാഹരണത്തിനുള്ള മെയിലുകള്‍ അയക്കാനും തുടങ്ങി.

തിരഞ്ഞെടുപ്പ് ഫലത്തിനെതിരെയുള്ള നിയമപോരാട്ടങ്ങള്‍ക്കുള്ള അഭിഭാഷക സംഘത്തെ നയിക്കുന്നതിന് ട്രംപ് പ്രചാരണ സീനിയര്‍ ഉപദേഷ്ടാവ് ഡേവിഡ് ബോസ്സിയെ നിയോഗിച്ചുവെന്നും റിപ്പബ്ലിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. 

അതേ സമയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ ബൈഡനാണ് ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരിച്ചതെന്നാണ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. ബൈഡന്‍ സമാഹരിച്ചതിന്റെ മൂന്നിലൊന്ന് മാത്രമാണ് ട്രംപ് സമാഹരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ജോര്‍ജിയ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കോടതികള്‍ ട്രംപിന്റെ പരാതി തള്ളി. എന്നാല്‍ പെന്‍സില്‍വേനിയയില്‍ വോട്ടെടുപ്പ് ദിനത്തില്‍ ഹാജരാക്കാത്ത മെയില്‍ ബാലറ്റുകള്‍ നീക്കി വെക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ ഭൂരിപക്ഷത്തിന് നിലവില്‍ രണ്ടിടങ്ങളിലും ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്.

Content Highlights: Republicans Seeking To Raise $60 Million For Trump's Legal Cases