പ്രതീകാത്മക ചിത്രം | Photo: AFP
വാഷിങ്ടൺ: കോവിഡിന്റെ ഉത്ഭവം വുഹാൻ ലാബിൽ നിന്നാണെന്ന സിദ്ധാന്തത്തിന് ആക്കം കൂട്ടി യു.എസ് റിപ്പബ്ലിക്കൻ റിപ്പോർട്ട്.
കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്ന് ചോർന്നതാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി രൂപികരിച്ച അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത്തരം തെളിവുകൾ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം രഹസ്യാന്വേഷണ ഏജൻസികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തന്നെയാണ് ചോർന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കൻസ് റിപ്പോർട്ടിൽ പറയുന്നത്. യു.എസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാൻ ലാബ് മനുഷ്യരെ ബാധിക്കുന്ന തരത്തിൽ കൊറോണ വൈറസുകളെ പരിഷ്‌ക്കരിക്കാൻ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കോവിഡിന്റെ പുതിയ വകഭേദം വുഹാനിൽ നിന്നാണ് ചോർന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു. 2019-ൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. എന്നാൽ വൈറസിന്റെ ഉത്ഭവം ചൈനയിൽ നിന്നാണ് എന്നത് വിദഗ്ധർക്കിടയിൽ തെളിയിപ്പെടാത്ത ഒരു സിദ്ധാന്തമാണ്. കോവിഡ് വൈറസിന്റെ ചോർച്ച ചൈനയിൽ നിന്നാണ് എന്ന പ്രസ്താവന ബീജിങ്ങും നിഷേധിച്ചിട്ടുണ്ട്.
കോവിഡ് വൈറസ് ചോർന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജൻസികൾ കണക്കു കൂട്ടുന്നത്. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനരികിലുള്ള മത്സ്യ മാർക്കറ്റിൽ നിന്ന് കോവിഡ് പടർന്നതാവാം അല്ലെങ്കിൽ ചൈനയിലെ ലബോറട്ടറിയിൽ നിന്ന് മനപ്പൂർവ്വമല്ലാതെ പടർന്നതാവാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2019 സെപ്തംബർ 12-ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈറസ് മനുഷ്യനിർമിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് ഏപ്രിലിൽ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്.
കോവിഡ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വേഗത്തിൽ തന്നെ റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉത്തരവിട്ടിരുന്നു. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം.
നിലവിൽ രഹസ്വാന്വേഷണ ഏജൻസികൾ വ്യക്തമായ ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്നും മൃഗങ്ങളിൽ നിന്നോ അല്ലെങ്കിൽ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ആവാം കൊറോണ വൈറസ് ചോർന്നത് എന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
Content highlights: Republican report says coronavirus leaked from China lab


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..