കാബൂള്‍: തങ്ങളുടെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനെ താലിബാന്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച അഫ്ഗാനിസ്താനിലെ ആദ്യ സ്വതന്ത്ര ചാനലായ ടോളോ ന്യൂസ് പിന്നീട് തിരുത്തി. താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും തോക്കിന്‍ മുനയില്‍ നിര്‍ത്തി താലിബാന്‍ തന്നെ മര്‍ദിച്ചുവെന്നും കാണിച്ച് സിയാര്‍ യാദ് ഖാന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് തിരുത്തിയത്.

അതേ സമയം സിയാര്‍ യാദ് ഖാനെ ക്രൂരമായി മര്‍ദിച്ചതായി അദ്ദേഹം തന്നെ വ്യക്തമാക്കി. കാബൂളിലെ ന്യൂ സിറ്റിയില്‍ റിപ്പോര്‍ട്ടിങിനിടെ താലിബാന്‍ എന്നെ മര്‍ദിച്ചു. ക്യാമറകളും സാങ്കേതിക ഉപകരണങ്ങളും എന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. താൻ മരിച്ചുവെന്ന് ചിലര്‍ പ്രചരിപ്പിച്ചു. തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു മര്‍ദനം' ഖാന്‍ പറഞ്ഞു.

ജൂലായില്‍ പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ കൊല്ലപ്പെട്ടിരുന്നു.