ണചേരാന്‍ കടലിലേക്ക് യാത്ര തിരിച്ച ലക്ഷക്കണക്കിന് ചുവപ്പന്‍ ഞണ്ടുകള്‍(റെഡ് ക്രാബ്). അതിശയിപ്പിക്കുന്നതാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഈ കാഴ്ച. കാട്ടില്‍നിന്ന് കടല്‍ത്തീരത്തേക്കുള്ള ഈ യാത്രയുടെ ഫോട്ടോകളും വീഡിയോകളും പുറത്തെത്തിക്കഴിഞ്ഞു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ തീരത്തെ ക്രിസ്മസ് ദ്വീപില്‍, കാട്ടില്‍നിന്ന് കടല്‍ത്തീരത്തേക്കുള്ള റോഡുകള്‍ പലതും ഈ 'ചുവപ്പുഭീകരന്മാ'രുടെ യാത്രകാരണം അടച്ചിരിക്കുകയാണ്. 

red crab
Photo: Video grab\ www.facebook.com/parksaustralia

ഭൂമിയിലെ തന്നെ ഏറ്റവും വലിയ ദേശാന്തരഗമനങ്ങളിലൊന്നാണ് ചുവപ്പന്‍ ഞണ്ടുകളുടെ യാത്ര. എല്ലാക്കൊല്ലവും, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ മഴയ്ക്കു ശേഷം അമ്പത് ദശലക്ഷം അതായത് അഞ്ചുകോടിയോളം ഞണ്ടുകളാണ് ഇണചേരാന്‍ കാട്ടില്‍നിന്ന് കടലിലേക്ക് യാത്ര തിരിക്കുന്നത്. 

red crab
Photo: www.facebook.com/parksaustralia

ശൈത്യമാസങ്ങളില്‍ ജനവാസകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ കടന്ന് അവര്‍ കടല്‍ത്തീരത്തേക്ക് നീങ്ങും. ഇലകള്‍, പഴങ്ങള്‍, പൂക്കള്‍, വിത്തുകള്‍ തുടങ്ങിയവയാണ് സാധാരണയായി ഈ ഞണ്ടുകളുടെ ഭക്ഷണം. എന്നാല്‍ അത്ര സാധുക്കളല്ല ഇവര്‍. തങ്ങളുടെ ആദ്യ കടല്‍യാത്രയ്ക്കു ശേഷം മടങ്ങുന്ന ഇളംപ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടത്തിലുള്ള മുതിര്‍ന്ന ഞണ്ടുകള്‍ ഭക്ഷണമാക്കാറുണ്ട്. 

red crab
Photo: www.facebook.com/parksaustralia

റോഡിലൂടെയും പ്രത്യേകം നിര്‍മിച്ച പാലങ്ങളിലൂടെയുമായി പതിനായിരക്കണക്കിന് ഞണ്ടുകള്‍ പോകുന്നത് പാര്‍ക്ക്‌സ് ഓസ്‌ട്രേലിയ പങ്കുവെച്ച ഫോട്ടോകളില്‍നിന്നും വീഡിയോകളില്‍നിന്നും കണ്ടറിയാം.

ഞണ്ടുകള്‍ ഒന്നാകെ നിരത്ത് കീഴടക്കിയതോടെ വടക്കു കിഴക്കന്‍ മേഖലയിലെ ഡ്രംസൈറ്റ് ജനവാസകേന്ദ്രത്തിലെ താമസക്കാര്‍ ഞായറാഴ്ച ഏറെക്കുറേ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ മട്ടിലായിരുന്നു. ആളുകളുടെ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി, റോഡില്‍നിന്ന് ഞണ്ടുകളെ നീക്കം ചെയ്യേണ്ടിയും വന്നു. 

red crab
Photo: www.facebook.com/parksaustralia

ചുവപ്പന്‍ ഞണ്ടുകളുടെ യാത്രയെ വളരെ കരുതലോടെയാണ് അധികൃതര്‍ കാണുന്നത്. ക്രിസ്മസ് ദ്വീപിലെ സന്ദര്‍ശകരോട് ഈ സമയം വളരെ ശ്രദ്ധയോടെ വേണം വാഹനങ്ങള്‍ ഓടിക്കാനും നിര്‍ത്തിടാനുമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളത്തിലേക്ക് ആദ്യം യാത്രതിരിക്കുന്നത് ആണ്‍ ഞണ്ടുകളാണ്. ഇവരെ പെണ്‍ ഞണ്ടുകള്‍ പിന്തുടരും. നവംബര്‍ അവസാനത്തോടെയാകും ഞണ്ടുകള്‍ കടല്‍ത്തീരത്ത് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

content highlights: red crab migration australia