ദിനോസറുകള്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായതിനുപിന്നില്‍ ഛിന്നഗ്രഹങ്ങളാണോ ഭീമന്‍ അഗ്‌നിപര്‍വതസ്‌ഫോടനമാണോ എന്ന തര്‍ക്കത്തിന് ഉത്തരംകണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഛിന്നഗ്രഹങ്ങളാണ് ദിനോസറുകളുടെ നാശത്തിനുപിന്നിലെന്നാണ് സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പോള്‍ വില്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തല്‍.

12 കിലോമീറ്റര്‍ നീളമുള്ള ഒരു ഛിന്നഗ്രഹം 6.6 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയുമായി കൂട്ടിയിടിച്ചിരുന്നു. ഇത് 200 കിലോമീറ്റര്‍ വലുപ്പമുള്ള ഗര്‍ത്തങ്ങള്‍ ഭൂമിയില്‍ സൃഷ്ടിച്ചു. കൂട്ടിയിടി സുനാമിക്കും അഗ്‌നിബാധയ്ക്കും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കും കാരണമായി.

കൂട്ടിയിടിയുടെ ആഘാതത്തില്‍ പാറകളില്‍നിന്ന് സള്‍ഫര്‍ ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്കുപടരുകയും പ്രതികൂല കാലാവസ്ഥാമാറ്റങ്ങളിലേക്ക് വഴിതെളിക്കുകയുമായിരുന്നു. ആ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവ് ദിനോസറുകള്‍ക്കുണ്ടായില്ലെന്ന് അവയുടെ ഫോസിലുകള്‍ തെളിയിക്കുന്നു. അതിനാല്‍ ഛിന്നഗ്രഹങ്ങളാണ് ദിനോസറുകളുടെ നാശത്തിനുകാരണമായതെന്നും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പ്രതികൂലകാലാവസ്ഥകളെ അതിജീവിക്കാനുള്ള ശേഷിയാണ് മനുഷ്യരുള്‍പ്പെടെയുള്ള സസ്തനികള്‍ക്ക് ഭൂമിയില്‍ ദീര്‍ഘകാലജീവിതം സാധ്യമാക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഭാഗമായി ഹിമാലയത്തിലെ അഗ്‌നിപര്‍വതങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ വാതകങ്ങള്‍ പുറന്തള്ളിയതാണ് ദിനോസറുകളുടെ നാശത്തിനുകാരണമെന്നായിരുന്നു ഇതിനെതിരേയുള്ള വാദം. എന്നാല്‍, കൂട്ടിയിടിയും അഗ്‌നിപര്‍വതസ്‌ഫോടനവും നടന്ന സമയത്തില്‍ പൊരുത്തക്കേടുണ്ടെന്നാണ് പോള്‍ വില്‍സനും സംഘവും വിലയിരുത്തുന്നത്. ഇന്ത്യയില്‍നടന്ന അഗ്‌നിപര്‍വതസ്‌ഫോടനങ്ങളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ വിശകലനത്തിലും ദിനോസറുകളുടെ നാശത്തിനുകാരണമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് സ്‌ഫോടനങ്ങള്‍ കാരണമായില്ല്‌ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

content highlights: Reason behind the extinction of dinosaur is asteroids not volcanos