വാഷിങ്ടൺ: കാപ്പിറ്റോളിലെ പ്രതിഷേധത്തിൽ പങ്കാളിയാവാൻ പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തെത്തിയ റിയൽ എസ്റ്റേറ്റ് ബ്രോക്കർ നിയമനടപടികൾക്കുള്ള പണത്തിനായി സംഭാവന തേടുന്നു. ടെക്സാസിലെ ഫ്രിസ്കോ സ്വദേശിയായ ജെന്ന റയാൻ എന്ന അമ്പതുകാരിയാണ് സുമനസ്സുകളിൽ നിന്ന് സംഭാവന തേടുന്നത്. ട്രംപിൽ നിന്ന് മാപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് മാപ്പനുവദിച്ചവരുടെ നീണ്ട പട്ടികയിൽ ജെന്നയുടെ പേര് ഉൾപ്പെടാത്തതിനാലാണ് ഇവർ നിയമനടപടി നേരിടുന്നത്.
പ്രവേശനത്തിന് അനുമതിയില്ലെന്ന് അറിഞ്ഞു കൊണ്ടും നിയമവിരുദ്ധമായും കാപ്പിറ്റോളിൽ പ്രവേശിച്ച കുറ്റമാണ് ജെന്നയുടെ പേരിലുള്ളത്. കാപ്പിറ്റോളിൽ ഇവർ കയറുന്നതിന്റെ ദൃശ്യമടങ്ങിയ വീഡിയോ ഫെയ്സ്ബുക്കിൽ പ്രചരിച്ചതോടെ വിവിധ കോണുകളിൽ നിന്ന് ജെന്നക്കെതിരേ കടുത്ത വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. അന്വേഷണസംഘം വീഡിയോയിൽ നിന്ന് ജെന്നയെ തിരിച്ചറിയുകയും ചെയ്തു. വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.
ജെന്നയുടെ ബിസിനസ്സ് പേജിലും ഇവർക്കെതിരെയുള്ള കമൻുകൾ നിറഞ്ഞതോടെ റിയൽ എസ്റ്റേറ്റ് ലൈസൻസിങ് ഏജൻസി ജെന്നയുടെ ബിസിനസ് ലൈസൻസ് റദ്ദാക്കി. ജീവിതവിജയത്തെ കുറിച്ചുള്ള പുസ്തകങ്ങൾ രചിച്ചിരുന്ന താനുമായുള്ള കരാർ പ്രസാധകർ റദ്ദ് ചെയ്തതായി ജെന്ന പറഞ്ഞു. തനിക്കു ചുറ്റും വെറുപ്പ് നിറഞ്ഞ ആളുകൾ നിറഞ്ഞിരിക്കുകയാണെന്നും തന്നെ വംശീയവാദിയെന്ന് മുദ്ര കുത്തുന്നതായും തന്നോട് ജയിലിൽ പോയി കിടക്കാൻ അവർ ആവശ്യപ്പെടുന്നതായും ജെന്ന കൂട്ടിച്ചേർത്തു. തന്റെ കമ്പ്യൂട്ടറുകൾ, ഫോൺ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ തൊപ്പി എന്നിവ പിടിച്ചെടുത്തതായും ട്വിറ്ററിലൂടെ ഇവർ ആരോപിച്ചു.
നിയമനടപടികൾക്കായി ധനസമാഹരണം നടത്താൻ സഹായിക്കുന്ന പേപാൽ (PayPal)വഴി 1000 ഡോളർ സമാഹരിച്ചതായി ജെന്ന പറഞ്ഞു. എന്നാൽ നിയമസഹായത്തിനല്ലാതെയുള്ള ധനസമാഹരണമാണെന്ന് തെളിഞ്ഞാൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് പേപാൽ വക്താവ് കിം ഐക്കോൺ വ്യക്തമാക്കി. താൻ ആഴ്ചയിൽ 15 മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും ധാരാളം വീടുകളുടെ വിൽപനയിലൂടെ ധാരാളം പണം സമ്പാദിക്കുന്നതായും ബ്ലോഗിലൂടെ ജെന്ന നേരത്തെ അവകാശപ്പെട്ടിരുന്നു.
കലാപമുണ്ടായ ദിവസം ട്രംപനുകൂലികൾക്കൊപ്പം നടന്ന് നീങ്ങുന്നത് ലൈവ് സ്ട്രീം ചെയ്ത ജെന്ന 'അധ്വാനിക്കുന്ന ജനവിഭാഗ'മെന്ന് സംഘത്തെ വിശേഷിപ്പിക്കുകയും ചെയ്തു. കാപ്പിറ്റോളിനുള്ളിൽ നിന്ന് ഫോട്ടോകളെടുത്ത് ഇവർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കാപ്പിറ്റോളിനകത്ത് പ്രവേശിച്ച ദിവസത്തെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നായി ജെന്ന ട്വീറ്റ് ചെയ്തു. തന്റെ ദേശസ്നേഹത്തെ കുറിച്ച് ആളുകൾ മനസിലാക്കണമെന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ജെന്ന പറയുന്നു.
Content Highlights: Realtor Flew In Private Jet To Capitol Riot.Now Wants Money For Legal Fees