ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന, അടിയന്തര പ്രധാന്യമുളള വിഷയങ്ങളില്‍ കൂടിയാലോചനയിലൂടെയും മധ്യസ്ഥചര്‍ച്ചയിലൂടെയും ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ചൈന. ലഡാക്കില്‍ ദീര്‍ഘകാലമായി നില നില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ചൈന സന്നദ്ധത പ്രകടിപ്പിച്ചത്. 

നിയന്ത്രണരേഖയെ സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലവില്‍ മുന്നോട്ടു വെക്കുന്ന വ്യവസ്ഥ ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്നും കിഴക്കന്‍ ലഡാക്കില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹാര്‍ദപരമായി മുന്നോട്ടു പോവുകയുള്ളൂവെന്നും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യി അറിയിച്ചു. താജിക്കിസ്താൻ തലസ്ഥാനമായ ദുഷാന്‍ബെയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വാങ് യിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാങ് യി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഗാല്‍വനിലും പാംഗോങ്ങിലും സൈനിക പിന്‍മാറ്റത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇരു രാജ്യങ്ങളിലേയും വിദേശകാര്യത്തലവന്‍മാര്‍ ബുധനാഴ്ച നടത്തിയ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും ദുര്‍ബലമായ നിലയിലാണെന്ന് വാങ് യി അഭിപ്രായപ്പെട്ടു. ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ തരത്തില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ചൈന തയ്യാറാണെന്നും വാങ് യി വ്യക്തമാക്കി. 

ചൈനയും ഇന്ത്യയും പരസ്പരം ഭീഷണിയുയര്‍ത്തുന്നില്ലെന്നും വികസനത്തിനായി പരസ്പരം അവസരമൊരുക്കുന്നുണ്ടെന്നും വാങ് യി പറഞ്ഞു. ഇരു രാജ്യങ്ങളും പങ്കാളികളാണെന്നും മറിച്ച് പ്രതിയോഗികളോ ശത്രുക്കളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പര സഹകരണവും സഹായവുമാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും ആരോഗ്യപരമായ മത്സരത്തിലൂടെ വികസനം നേടുന്നതാണ് ഇരു രാജ്യങ്ങളും ലക്ഷ്യമാക്കുന്നതെന്നും വാങ് യി പറഞ്ഞു. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഇരുരാജ്യങ്ങള്‍ക്കും താത്പര്യമില്ലെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. 

2020 മേയ് മുതല്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു രാജ്യങ്ങളിലേയും സേനകള്‍കള്‍ക്കിടയില്‍ തുടര്‍ന്നുവന്ന സംഘര്‍ഷങ്ങള്‍ക്ക് നയതന്ത്രപ്രതിനിധികളും സൈനികമേധാവികളും തമ്മില്‍ നടത്തിയ നിരന്തരചര്‍ച്ചകള്‍ക്ക് ശേഷം ചെറിയ തോതില്‍ അയവ് വന്നിരുന്നു. ഇക്കൊല്ലം ഫെബ്രുവരിയില്‍ പാംഗോങ്ങിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയും ചൈനയും തങ്ങളുടെ സേനകളും ആയുധങ്ങളും പിന്‍വലിക്കുകയും ചെയ്തു.

Content Highlights: Ready For Mutually Acceptable Solution On "Emergency" China Tells India