സെവില്ലെ (സ്‌പെയിന്‍): സർക്കാർ നടപടികളില്‍ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍‌ ബഹളമുണ്ടാക്കുന്നത് പതിവാണ്. ചിലപ്പോഴൊക്കെ നടപടികള്‍ ബഹളത്തില്‍ മുങ്ങുകയും സഭ പിരിയേണ്ടിവരികയും ചെയ്യാറുണ്ട്. 

എന്നാല്‍ സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെ പാര്‍ലമെന്റില്‍ ഒരു എലി കയറിയാല്‍ എന്തു സംഭവിക്കും? ചര്‍ച്ച ചെയ്ത വിഷയങ്ങളൊക്കെ വിട്ട് ഓരോ പാര്‍ലമെന്റ് അംഗവും സ്വന്തം രക്ഷനോക്കി പരക്കംപായും; പാര്‍ലമെന്റ് ഒരു യുദ്ധക്കളമായിമാറും. അതാണ് കഴിഞ്ഞ ദിവസം സ്‌പെയിനിലെ അന്‍ഡലൂസ്യ പാര്‍ലമെന്റില്‍ സംഭവിച്ചത്. രസകരമായ ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നത്.

സ്‌പെയിനിലെ പ്രവിശ്യയായ അന്‍ഡലൂസ്യയുടെ പാര്‍ലമെന്റില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സഭ ചേരുന്നതിനിടെ അപ്രതീക്ഷിതമായായിരുന്നു എലിയുടെ കടന്നുവരവ്. സെനറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സുപ്രധാനമായ വിഷയത്തില്‍ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. 

സഭയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്പീക്കര്‍ മാര്‍ത്ത ബോസ്‌ക്വെറ്റ് സഭയുടെ നടുത്തളത്തിലിറങ്ങിയ എലിയെ കണ്ടത്. സ്പീക്കര്‍ ഞെട്ടി നിലവിളിച്ചതോടെ മറ്റംഗങ്ങളും എലിയില്‍നിന്ന് രക്ഷപ്പെടാന്‍ പരക്കംപാഞ്ഞു. പിന്നെ നടന്നത് സഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഘര്‍ഷഭരിതമായ രംഗങ്ങളായിരുന്നു.

പലരും എലിയില്‍നിന്ന് രക്ഷപ്പെടാന്‍ മേശകള്‍ക്കും കസേരകള്‍ക്കും മുകളില്‍ കയറി. ചിലര്‍ പുറത്തേക്ക് ഓടി. ചിലര്‍ മറ്റംഗങ്ങളുടെ പിന്നിലൊളിച്ചു. എലിയെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയ ചില ധീരരെയും വീഡിയോയില്‍ കാണാം. എന്തായാലും പാര്‍ലമെന്റ് പോര്‍ക്കളമായതോടെ സ്പീക്കര്‍ക്ക് സഭ തല്‍ക്കാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിക്കേണ്ടിവന്നു.

മിനിറ്റുകള്‍ നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവില്‍ വൈസ് പ്രസിഡന്റ് ജുവാന്‍ മെറിന്‍ എലിയെ പിടികൂടി പാര്‍ലമെന്റിനെ രക്ഷിച്ചു. പിന്നീട് സഭ വീണ്ടും ചേര്‍ന്ന് സെനറ്ററെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തുകയും ചെയ്തു. ഏതായാലും തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള എലിയുടെ നീക്കംമൂലം ഉണ്ടായ ബഹളം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Content Highlights: Rat Enters Parliament In Spain