Photo : Facebook / Pro Auction
ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് പ്രചോദനമേകിയ കമ്പ്യൂട്ടര്‍ മൗസ് ലേലത്തില്‍ വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്. കമ്പ്യൂട്ടിങ് വിദഗ്ധനായ ഡഗ്ലസ് ഏംഗല്‍ബര്‍ട്ട് വികസിപ്പിച്ച അപൂര്‍വമായ മൂന്ന് ബട്ടണുള്ള മൗസും കോഡിങ് കീസെറ്റും 1,47,000 പൗണ്ടിനാണ് (1,48,89,174 രൂപ)വിറ്റുപോയത്. ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ ഓക്ഷനാണ് ലേലം സംഘടിപ്പിച്ചത്.
12,000 പൗണ്ടാണ് ലേലത്തുകയായി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ തുകയുടെ 12 മടങ്ങാണ് ലേലത്തില്‍ മൗസ് നേടിയത്. ഏംഗല്‍ബര്‍ട്ടിന്റെ കണ്ടുപിടിത്തമാണ് പിന്നീട് ആപ്പിള്‍ സിഇഒയുടെ ആദ്യ റോളര്‍ബോള്‍ നിയന്ത്രിത മൗസിന് (roller ball controlled mouse) പ്രചോദനമായത്.
ഏംഗല്‍ബര്‍ട്ട് രൂപകല്‍പന ചെയ്ത ഏകദേശം 4"X 2.75"X 2.5" വലിപ്പമുള്ള ആദ്യകാല ത്രീ ബട്ടണ്‍ മൗസ് പില്‍ക്കാലത്ത് ഉപയോഗത്തില്‍ വന്ന ബോള്‍ (ball), ഓപ്റ്റിക്കല്‍ ലൈറ്റ് (optical light) എന്നിവയ്ക്ക് പകരം രണ്ട് ലോഹത്തകിടുകളാണ് കഴ്‌സറിന്റെ സ്ഥാനനിര്‍ണയത്തിന് ഉപയോഗപ്പെടുത്തുന്നത്- ഓക്ഷന്‍ പേജില്‍ മൗസിനെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്.
ടൈപ്പിങ്ങിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി അഞ്ച് കീയുള്ള കോഡിങ് കീസെറ്റ് 31 കീ-പ്രസ് കോമ്പിനേഷന്‍ സാധ്യമാക്കുന്നു. ഒരേസമയം വലതുകൈ ഉപയോഗിച്ച് മൗസിലൂടെ സ്ഥാനനിര്‍ണയവും ക്ലിക്കും സാധ്യമാകുന്നതിനൊപ്പം ഇടതുഭാഗത്ത് കീസെറ്റ് ഉപയോഗപ്പെടുത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സാധ്യമാണ്.
1979 ലാണ് സ്റ്റീവ് ജോബ്‌സ് മൗസിന്റേയും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സി(GUI)ന്റേയും പ്രവര്‍ത്തനം കാണാനിടയായത്. ഉപയോക്തൃസൗഹൃദപരമായ മൗസ് അദ്ദേഹത്തെ ഏറെ ആകര്‍ഷിക്കുകയും ആപ്പിളിന്റെ കമ്പ്യൂട്ടറുകളില്‍ കുറച്ചു കൂടി ലഘൂകരിച്ച മാതൃക ഉപയോഗപ്പെടുത്താന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ ഈ മൗസിന്റെ ആദ്യപകര്‍പ്പ് സ്റ്റീവ് ജോബ്‌സ് കരുതിയത്ര ലഘുവായിരുന്നില്ല. 245 പൗണ്ടായിരുന്നു അതിന്റെ നിര്‍മാണച്ചെലവ്. തുടര്‍ന്ന് വെറും 12 പൗണ്ട് മാത്രം ചെലവില്‍ സ്റ്റീവ് സിംഗിള്‍-ബട്ടണ്‍ മൗസ് വികസിപ്പിച്ചു. ഏംഗല്‍ബര്‍ട്ടില്‍ നിന്ന് 33,000 പൗണണ്ടിന് സ്റ്റീവ് മൗസിന്റെ പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു.
ഏംഗല്‍ബര്‍ട്ടിന്റെ കണ്ടുപിടിത്തം ആധുനിക ജീവിതത്തില്‍ നിര്‍ണായകമാറ്റം വരുത്തിയതായും കമ്പ്യൂട്ടര്‍ ചരിത്രത്തിന്റെ വികസനത്തില്‍ സുപ്രധാനപങ്ക് വഹിച്ചതായും ആര്‍ആര്‍ ഓക്ഷന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബോബി ലിവിങ്‌സ്റ്റണ്‍ പ്രതികരിച്ചു.
Content Highlights: Rare Computer Mouse, Steve Jobs, Auctioned Off For Rupees 1.49 Crore, Apple Inc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..