ന്യൂയോര്‍ക്ക്: വെറും 35 ഡോളറിന് വില്‍പനക്കെത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളര്‍ (ഏകദേശം 36,417,700 രൂപ). സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയിലാണ് ചെറിയ കളിമണ്‍പിഞ്ഞാണം 2,500 രൂപയ്ക്ക് വില്‍പനക്കെത്തിച്ചത്. വില്‍പനക്കെത്തിച്ച സന്ദര്‍ഭത്തിലാണ് പഴയ കളിമണ്‍പാത്രം പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് അപൂര്‍വനിര്‍മിതിയാണെന്ന കാര്യം വ്യക്തമായത്. 

കണക്ടികട്ട് സ്വദേശിയായ വ്യക്തിയുടെ പക്കലാണ് നിലവില്‍ പിഞ്ഞാണമുള്ളതെന്നാണ് ലഭ്യമായ വിവരം. സ്വകാര്യമേളയുടെ സംഘാടകര്‍ പിഞ്ഞാണം വാങ്ങിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ പുരാതനനിര്‍മ്മിതികളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധരെ പാത്രം കാണിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരം അടിസ്ഥാനമാക്കിയാണ് ചെറിയൊരു പാത്രത്തിന് ഇത്രയും ഭീമമായ തുക വിലമതിക്കുമെന്ന കാര്യം പുറത്തു വന്നത്. 

പൂക്കളുടേയും വള്ളികളുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പാത്രം ചൈനയിലെ മിങ് രാജവംശക്കാലത്തേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജവംശത്തിലെ മൂന്നാമത്തെ ഭരണാധികാരിയായ യോങ്കിള്‍ ചക്രവര്‍ത്തിയുടെ കാലത്തേതാണ്. 1402 മുതല്‍ 1424 വരെയാണ് യോങ്കിള്‍ ചക്രവര്‍ത്തിയുടെ ഭരണകാലം. ഇതേ മാതിരിയുള്ള മറ്റ് ആറ് പാത്രങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ളതെന്ന് ആര്‍ട്ട് വര്‍ക്ക്‌സ് കോര്‍പറേഷനായ സോത്‌ബെയിലെ ചൈനീസ് കലാരൂപപഠനവിഭാഗം മേധാവി ആംഗേല മക്അറ്റീര്‍ പറഞ്ഞു. 

ഇപ്പോള്‍ കണ്ടെത്തിയ ഏഴാമത്തെ ബൗള്‍ മാര്‍ച്ച് 17 ന് സോത്‌ബെ പ്രദര്‍ശനത്തിനെത്തിക്കും. ഇവിടെ ഈ ചെറിയ പാത്രത്തിന് മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ അഞ്ച് ലക്ഷം വരെ വില ലഭിക്കുമെന്നാണ് നിഗമനം. ഇത്തരത്തിലുള്ള മറ്റ് അഞ്ച് ബൗളുകളില്‍ രണ്ടെണ്ണം തായ് വാനിലും രണ്ടെണ്ണം ലണ്ടനിലും ഒരെണ്ണം ടെഹ്‌റാനിലും മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറാമത്തെ ബൗളില്‍ 2007 ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇപ്പോള്‍ ആരുടെ പക്കലാണെന്ന കാര്യം അജ്ഞാതമാണ്. 

പുരാതനവസ്തുക്കള്‍ ശേഖരിക്കുന്നതില്‍ തത്പരരായ സ്വകാര്യവ്യക്തികള്‍ അവ ലേലത്തില്‍ സ്വന്തമാക്കുന്നത് പതിവാണ്. തലമുറകള്‍ കൈമാറി വന്ന പല ചൈനീസ് പുരാവസ്തുക്കള്‍ക്കും പാശ്ചാത്യരാജ്യങ്ങളില്‍ ആരാധകരേറെയാണ്. ഇപ്പോള്‍ വില്‍പനക്കെത്തുന്ന ചൈനീസ് ബൗള്‍ എങ്ങനെയാണ് സ്വകാര്യ വില്‍പനക്കെത്തിയതെന്ന കാര്യം വ്യക്തമല്ലെന്ന് ആംഗേല പറഞ്ഞു. 

 

Content Highlights: Rare 15th Century Chinese Bowl Worth $500,000 Found At US Yard Sale