ഒരു പഫ് കിട്ടിയാല്‍ മറ്റൊന്നും ഒസോണിന് വേണ്ട. ആരെയും ശല്യം ചെയ്യാതെ തന്റെ കൂടിന്റെ ഒരു മൂലയ്ക്ക് പോയിരുന്ന് ആസ്വദിച്ച് വലിക്കും.

ഇൻഡൊനീഷ്യയിലെ  ദബാങ് മൃഗശാലയിലെ ഒസോണ്‍ എന്ന മനുഷ്യക്കുരങ്ങാണ് സിഗരറ്റ് വലിച്ചുകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ ഒരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം വൈറലാവുകയും ചെയ്തു. 

22 വയസ്സുള്ള ഒസോണ്‍ പുകയിലയ്ക്ക് അടിമപ്പെട്ടവനാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇൻഡൊനീഷ്യയില്‍ നിന്ന് ഇത് ആദ്യമായിട്ടില്ല പുകവലിക്കുന്ന മൃഗങ്ങളെകുറിച്ചുള്ള വാര്‍ത്ത വരുന്നത്. 

2012 ലാണ് പുകയിലയ്ക്കടിമപ്പെട്ട മറ്റൊരു വാലില്ലാക്കുരങ്ങന്റെ വാര്‍ത്ത പുറത്ത് വന്നത്. അതുകൊണ്ട് തന്നെ മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് ഒന്നും കൊടുക്കരുതെന്ന് പ്രത്യേക നിര്‍ദേശവും ഉണ്ടായിരുന്നു.

സന്ദര്‍ശകരില്‍ ഒരാള്‍ സിഗരറ്റ് വലിക്കുകയും അത് മനുഷ്യക്കുരങ്ങിന് എറിഞ്ഞ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാവുന്നുണ്ട്.