Image Credit: PTI
മോസ്‌കോ: റഷ്യന്‍ ഉന്നതോദ്യോഗസ്ഥരോട് ഇന്ത്യന്‍ പരമ്പരാഗത ശൈലിയില്‍ കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മോസ്‌കോയിലെത്തിയ മന്ത്രി തന്നെ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് കൈകള്‍കൂപ്പി അഭിവാദനം ചെയ്തത്. ലോകം മുഴുവന്‍ കോവിഡ് 19 ഭീതിയില്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിവാദനത്തിനായി ഇന്ത്യന്‍ പരമ്പരാഗത രീതിയെ മന്ത്രി കൂട്ടുപിടിച്ചത്.
മോസ്‌കോയിലെത്തിയ രാജ്‌നാഥ് സിങ്ങിനെ മേജര്‍ ജനറല്‍ ബുഖ്തീവ് യുരി നിക്കോളെവിച്ച് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡി.ബി.വെങ്കടഷ് വര്‍മയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്. 'ഇന്ന് വൈകീട്ട് മോസ്‌കോയിലെത്തി. നാളെ ജനറല്‍ സെര്‍ജെ ഷോയ്ഗുവുമായുളള ഉഭയകക്ഷി കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.' സ്വീകരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതിരോധമന്ത്രി കുറിച്ചു.
സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ നേരെ ഉപചാരപൂര്‍വം കൈകള്‍ കൂപ്പി അഭിവാദനം ചെയ്യുന്ന പ്രതിരോധമന്ത്രിയെയും അതേ രീതിയില്‍ ചില ഉദ്യോഗസ്ഥര്‍ അദ്ദേത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. രാജ്‌നാഥ് സിങ്ങിനെ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നതിനിടയില്‍ ഒരു ഉദ്യോഗസ്ഥന്‍ അറിയാതെ ഹസ്തദാനത്തിനായി കൈകള്‍ നീട്ടുന്നതും പെട്ടെന്ന് പിറകോട്ട് വലിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
കോവിഡ് 19 വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ അഭിവാദ്യത്തിനായി ഹസ്തദാനത്തിന് പകരം ഇന്ത്യന്‍ രീതിയില്‍ നമസ്‌തേ പറയുന്ന രീതി പല ലോകനേതാക്കളും അവലംബിച്ചിരുന്നു.
ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങളാണ് എസ് സി ഒയില്‍ ഉളളത്. അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ തങ്ങള്‍ നേരിടുന്ന തീവ്രവാദം ഉള്‍പ്പടെയുളള സുരക്ഷാ വെല്ലുവിളികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇത് ഒറ്റക്കെട്ടായി നേരിടുന്നതിനുളള നടപടികളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്യും.
ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നതിനിടയിലാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രതിരോധമന്ത്രി ഗെന്‍ വെയ് ഫെങ്‌ഘെ പാകിസ്താന്‍ മന്ത്രി പര്‍വേസ് ഖട്ടക്ക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Content Highights: Rajnath Singh greeted Russian officials with the traditional indian style 'Namasthe'


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..