ലാഹോര്‍ (പാകിസ്താന്‍): റഫാല്‍ ഇടപാടില്‍ വിവാദം കത്തിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പാകിസ്താന്‍ രംഗത്ത്. റഫാല്‍ ഇടപാട് ഇടപാട് ഇന്ത്യയുടെ 'പാനമ'യാണെന്നും പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ നിരസിക്കുന്നത് ശ്രദ്ധ തിരിക്കനാണെന്നും പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി ആരോപിച്ചു. 

സമാധാന ചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറിയതിനു പിന്നാലെ ഇത് രണ്ടാം തവണയാണ് പാകിസ്താന്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി രംഗത്തു വരുന്നത്. 'കോടികളുടെ റഫാല്‍ അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാനായി ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനെ സമാധാന ചര്‍ച്ചകളുടെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണ്' - ചൗധരി ആരോപിച്ചു. 

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാനമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍പ്പെട്ടതുപോലെ ഇപ്പോള്‍ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മോദി കുടുങ്ങിയിരിക്കുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ അന്താരാഷ്ട്രീയ വത്കരിക്കുന്നതിലൂടെ അഴിമതിയെ മറച്ചുവെയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പാക് മന്ത്രി ആരോപിച്ചു.

Content highlights: Rafale is India's Panama: Pakistan says Modi govt rejecting talks to shift attention