കെന്റക്കി: 'എവിടെ നിന്നാണോ വരുന്നത് അങ്ങോട്ടേക്ക് പോയി തുലയൂ'- കുടിയേറ്റക്കാരിയായ യുവതിയോട് അമേരിക്കക്കാരി നടത്തിയ വംശീയ വിദ്വേഷം പൂണ്ട വാക്കുകള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ലൂയിസ് വില്ലയിലെ ജെ സി പെന്നി സ്റ്റോറിലെത്തിയ ഉപഭോക്താവ് സ്പാനിഷ് സംസാരിച്ച രണ്ട് യുവതികളെ വംശീയമായി അധിക്ഷേപിക്കുന്ന ദൃശ്യമാണ് അമേരിക്ക ഒന്നടങ്കം ചര്‍ച്ച ചെയുന്ന തലത്തിലേക്ക് വൈറലായത്. worst women ever എന്ന ഹാഷ് ടാഗില്‍ ലോകം മുഴുവന്‍ പ്രചരിക്കുകയാണ് ഈ വീഡിയോ.
ബില്ലടയ്ക്കാനുള്ള വരിയുടെ മുന്നിലേക്കു കയറിനിന്നതിനാണ് അമേരിക്കകാരിയായ ഉപഭോക്താവ് ഏറ്റവും മോശമായ ഭാഷയില്‍ കുടിയേറ്റക്കാരെന്നു കരുതുന്ന രണ്ട് ഉപഭോക്താക്കള്‍ക്ക് നേരെ ചീറിയത്.
'പെണ്ണേ, നീ ഏത് ***ല്‍ നിന്നാണോ വന്നത് അവിടേക്ക് തന്നെ പോയി തുലയൂ' എന്നാണ് രൂക്ഷമായ ഭാഷയില്‍ ഇവര്‍ പ്രതികരിച്ചത്. 'ഇവിടെ ജീവിക്കാനാണ് വന്നതെങ്കില്‍ ഇവിടുത്തുകാരെപ്പോലെ പെരുമാറൂ, എന്നിട്ട് വരിയുടെ അവസാനം പോയി നില്‍ക്കൂ' എന്നും അവര്‍ ആവര്‍ത്തിച്ചു.
"അവര്‍ക്ക് കിട്ടുന്ന എല്ലാ ഭക്ഷണസാധനങ്ങളുടെയും മറ്റും സര്‍വ്വ നികുതികളും ഞങ്ങളാണ് അടയ്ക്കുന്നത് എന്നിട്ട് എല്ലാ ക്ഷേമവും അവര്‍ക്ക്. എന്നോട് ക്ഷമിക്കണം ഇതാണ് എനിക്ക് തോന്നുന്നത്. അത് ഞാന്‍ പറയുന്നു. നോക്കൂ, നിങ്ങള്‍ അമേരിക്കയിലാണെന്ന കാര്യം മനസ്സിലാക്കണം. അത് കൊണ്ട് ഇംഗ്ലീഷില്‍ തന്നെ സംസാരിക്കണം"- എന്നിങ്ങനെ നീളുന്നു അമേരിക്കകാരിയുടെ പരിഹാസ വാക്കുകൾ. അധിക്ഷേപം കേട്ട് സഹിക്ക വയ്യാതെ " സൂക്ഷിച്ചു സംസാരിക്കണമെന്ന്" പറഞ്ഞ കാഷ്യറെയും വെറുതെ വിട്ടില്ല അവര്‍.
തൊട്ട് പിറകിലായി നിന്ന റെനി ബക്ക്‌നര്‍ എന്ന മറ്റൊരു യുവതിയാണ് വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് അക്കൗണ്ടും വീഡിയോയും ബക്ക്‌നര്‍ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് 50 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
വാങ്ങിയ സാധനങ്ങള്‍ ബില്‍ ചെയ്ത് ഏതാണ്ട് അവസാനിക്കാറായപ്പോള്‍ മറ്റൊരു സുഹൃത്ത് വന്ന് ലൈന്‍ നില്ക്കാതെ കുറച്ച് ഷര്‍ട്ടുകള്‍ കൂടി കൂട്ടി ബില്‍ ചെയ്തതാണ് അമേരിക്കകാരിയെ പ്രകോപിപ്പിച്ചതെന്ന് ബക്ക്‌നര്‍ പറയുന്നു.
വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ജെ സി പെന്നി സ്റ്റോര്‍ അധികൃതര്‍ വംശീയമായി അധിക്ഷേപിച്ച സ്ത്രീയെയും അധിക്ഷേപത്തിന് ഇരയായ രണ്ട് സ്ത്രീകളെയും കുറിച്ചുള്ള അന്വേഷണത്തിലാണ്. മാളിന്റെ നിയമാവലി പ്രകാരം മോശമായി പെരുമാറിയ സ്ത്രീയ്ക്ക് മാളിലേക്കുള്ള പ്രവേശനാനുമതി എന്നന്നേക്കുമായി നിഷേധിക്കുകയാണെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു.
വംശീയാധിക്ഷേപത്തിന് ഇരയായവരെ അന്വേഷിച്ച് കണ്ടെത്താന്‍ അവരുടെ സമൂഹം സഹായിക്കണമെന്നും അവര്‍ വാങ്ങിയ സാധനങ്ങളുടെ മുഴുവന്‍ കാശും തിരികെ നല്‍കി അവരോട് മാപ്പ് പറയാന്‍ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റോര്‍ അധികൃതര്‍ പറഞ്ഞു.
ലൂയിസ് വില്ല മേയര്‍ ഗ്രെഗ് ഫിഷര്‍ സംഭവത്തെ അപലപിച്ചു. "ഇത്തരക്കാരല്ല ഞങ്ങള്‍. വംശീയാധിക്ഷേപത്തിന് ഇരയായ രണ്ട് സ്ത്രീകളോടും ഞാന്‍ എന്റെ സമൂഹത്തിന് വേണ്ടി മാപ്പ് പറയുന്നു"വെന്നും മേയര്‍ ട്വീറ്റ് ചെയ്തു. "കുടിയേറ്റക്കാരെ എന്നും സ്വാഗതം ചെയ്യുന്ന രാജ്യം എന്ന നിലയ്ക്ക് സമാധാനത്തിന്റെ പാതയിലൂടെ മാത്രമേ നമുക്ക് പുരോഗതി നേടാനാകൂ എന്നും സഹിഷ്ണുതയോടെ കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഏതൊരു അമേരിക്കക്കാരനും വേണമെന്നും ഭരണഘടന ശഠിക്കുന്നുണ്ടെന്നും" മേയര്‍ പറയുന്നു.