ജി-7 ഉച്ചകോടിക്കിടെ ശനിയാഴ്ച കോണ്‍വാളില്‍ ഒരു സ്‌പെഷ്യല്‍ ഒത്തു ചേരല്‍ നടന്നു. എലിസബത്ത് രാജ്ഞിയാണ് പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിച്ചേര്‍ന്നത്. രാജ്ഞിയുടെ സ്ഥാനലബ്ദിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളെ കുറിച്ച് പദ്ധതി തയ്യാറാക്കലും രാജ്ഞിയുടെ പിറന്നാള്‍ ആഘോഷവുമായിരുന്നു ഒത്തു ചേരല്‍ സംഘടിപ്പിച്ചതിന് പിന്നില്‍. രാജ്ഞിക്ക് മുറിക്കാന്‍ ഒരു വലിയ കേക്കും സംഘാടകര്‍ ഒരുക്കിയിരുന്നു. രാജ്ഞിയുടെ കേക്കു മുറിക്കലായിരുന്നു ഈ പരിപാടിയുടെ ഹൈലൈറ്റ്. 

ഈഡന്‍ പ്രോജക്ടില്‍ നടന്ന പരിപാടിക്കായി  കേംബ്രിജ് പ്രഭ്വി കേറ്റ് മിഡിൽട്ടൺ, കോണ്‍വാള്‍ പ്രഭ്വി കാമില എന്നിവര്‍ക്കൊപ്പമാണ് എലിസബത്ത് രാജ്ഞി എത്തിയത്. തനിക്കായി ഒരുക്കിയ കേക്ക് മുറിക്കാന്‍ രാജ്ഞി കത്തിയ്ക്ക് പകരം ഉടവാള്‍ ഉപയോഗിച്ചതാണ് എല്ലാവരിലും കൗതുകവും ആഹ്ലാദവും ഉണര്‍ത്തിയത്. കത്തി ഉണ്ടെന്ന് ആരോ അറിയിച്ചപ്പോള്‍ 'അതുണ്ടെന്ന് എനിക്കറിയാം' എന്നായി രാജ്ഞിയുടെ പ്രതികരണം. രാജ്ഞിയുടെ നേരം പോക്ക് എല്ലാവരിലും ചിരിയുണര്‍ത്തി. 

മൂന്നടി നീളമുള്ള വാള്‍ കൈയിലൊതുക്കാന്‍ രാജ്ഞി പ്രയാസപ്പെടുന്നത് കണ്ട് 'ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല' എന്ന് കാമില തമാശരൂപേണ പറഞ്ഞു. പിന്നീട് പ്രഭ്വി തന്നെ രാജ്ഞിയെ വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് രാജ്ഞി കേക്ക് മുറിച്ചു. ഇതെല്ലാം ആസ്വദിച്ച് കേറ്റ് മിഡിൽട്ടൺ ഒരു വശത്ത് നില്‍പ്പുണ്ടായിരുന്നു. പ്രത്യേക ഔദ്യോഗികചടങ്ങുകളില്‍ മാത്രമാണ് രാജ്ഞി ഉടവാള്‍ കയ്യിലേന്തുന്നത്.  കേക്ക് മുറിക്കലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  ധാരാളം രസകരമായ പ്രതികരണങ്ങള്‍ ഉണ്ടായി. 

അവിടെയും തീര്‍ന്നില്ല രാജ്ഞിയുടെ നര്‍മബോധം. ഉച്ചകോടിക്കെത്തിയ വിവിധ രാഷ്ടത്തലവന്‍മാര്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അവരോടുള്ള ചോദ്യം മറ്റൊരു തമാശയായി. 'സന്തുഷ്ടനാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ നിങ്ങള്‍ പെരുമാറണമെന്ന് എവിടെയെങ്കിലും നിഷ്ടകര്‍ഷിച്ചിട്ടുണ്ടോ'യെന്ന രാജ്ഞിയുടെ ചോദ്യം വീണ്ടും ചിരി പടര്‍ത്തി. 

ഏപ്രില്‍ 21 ന് രാജ്ഞിക്ക് 96 വയസ് പൂര്‍ത്തിയായി. എന്നാല്‍ ഔദ്യോഗികമായി ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് രാജ്ഞിയുടെ പിറന്നാളാഘോഷം നടത്താറുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇക്കൊല്ലം പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ് ഒഴിവാക്കിയിരുന്നു.

 

 

 

Content Highlights: Queen Elizabeth cuts cake with a 3-ft long ceremonial sword during G7 event