ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച, ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായുള്ള ചര്‍ച്ച, കോവിഡ് ഉച്ചകോടി, യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിങ്ങനെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത് തിരക്കുപിടിച്ച പരിപാടികള്‍.

അമേരിക്കന്‍ പ്രസിഡന്റായശേഷം ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച വെള്ളിയാഴ്ച വാഷിങ്ടണില്‍ നടക്കും. സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള പ്രദേശിക-ആഗോള വിഷയങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാവും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ രൂപവത്കരണം മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയും ഇരു രാഷ്ട്രതലവന്മാരും ചര്‍ച്ചചെയ്യും.

യു.എസ്. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനെയും പ്രധാനമന്ത്രി കാണും. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഒപ്പം പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും.

ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍) നേരിട്ടുള്ള ആദ്യയോഗം ചേരും. സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചര്‍ച്ച നടത്തും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 

ശനിയാഴ്ച ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി യു.എന്‍. പൊതുസഭയില്‍ സംസാരിക്കും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തോടെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം അവസാനിക്കുക. കോവിഡ് മഹാമാരി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കേന്ദ്രീകരിച്ചുകൊണ്ടാകും അദ്ദേഹം യുഎന്നില്‍ സംസാരിക്കുക.

Content Highlights: Quad, UN Address, Covid Summit Key Agenda As PM Modi Jets Off To US