ന്യൂഡല്‍ഹി: ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ക്വാഡ് പ്രഖ്യാപിച്ച കോവിഡ് വാക്‌സിന്‍ ഇനിഷ്യേറ്റീവില്‍ ഹൈദരാബാദില്‍ നിന്നുള്ള കമ്പനിയായ ബയോളജിക്കല്‍ ഇ പങ്കാളിയാവും. വെള്ളിയാഴ്ച നടന്ന  ക്വാഡ് ഉച്ചകോടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ വാക്‌സിനുകളാണ് ക്വാഡ് ഇന്ത്യയില്‍ നിര്‍മിക്കുക. യുഎസില്‍ വികസിപ്പിക്കുന്ന വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നല്‍കും. ഓസ്‌ട്രേലിയ ഇതിനുള്ള പിന്തുണ നല്‍കുകയും ചെയ്യും. 100 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതിലൂടെ ഇന്ത്യയില്‍ നിര്‍മ്മിക്കുക. 

1953 ല്‍ ഹൈദരാബാദില്‍ സ്ഥാപിതമായ ബയോളജിക്കല്‍ ഇ യുടെ ഉടമ മഹിമ ദത്‌ലയാണ്. ആഗോള ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു വനിത ഉടമയും സി.ഇ.ഒയുമായ കമ്പനിയുമായി സഹകരിക്കുന്നതെന്ന് അമേരിക്കയുടെ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (യുഎസ് ഡി.എഫ്.സി) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മികച്ച പ്രൊജക്ടുകളില്‍ 5 മില്യണ്‍ മുതല്‍ 500 മില്യണ്‍ വരെ നിക്ഷേപം നടത്താനാണ് ഡി.എഫ്.സിയുടെ നീക്കം. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേറ്റ് ഏജന്‍സിയും, ജപ്പാന്‍ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷനും പദ്ധതിയില്‍ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

പദ്ധതികള്‍ നടപ്പിലാവുന്നതിലൂടെ ഇന്തോ പസഫിക് മേഖലയില്‍ ഇന്ത്യ വാക്‌സിന്‍ നിര്‍മാണ ഹബ്ബായി മാറും. ക്വാഡിന്റെ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് വാക്‌സിന്‍ നിര്‍മാണ ഇനിഷ്യേറ്റീവ് മുന്‍പോട്ട് വെച്ചത്. അമേരിക്കന്‍ വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയും അമേരിക്കയും ജപ്പാനും ഇതിനുള്ള സാമ്പത്തിക സഹായം നല്‍കുകയും സ്റ്റോറേജ് കേന്ദ്രവും കൈമാറ്റവും ഓസ്‌ട്രേലിയ നിര്‍വഹിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ കാതല്‍. 

ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ നിര്‍മാണത്തിനായി കൈകോര്‍ക്കുകയും മേഖലയില്‍ ചൈനയ്ക്കുള്ള സ്വാധീനം ഇല്ലാതാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവര്‍ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്തു.

Content Highlights: Quad Summit's Vaccine Initiative: India's Biological E to Shoulder Manufacturing