.jpg?$p=92ba601&f=16x10&w=856&q=0.8)
പുതിനോടൊപ്പം പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു | AFP
മോസ്കോ: റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവിനെ കഴിഞ്ഞ കുറച്ചു നാളുകളായി പുറംലോകത്ത് കാണാനില്ല. പുതിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ സെര്‍ജി ഷൊയ്ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാലല്ലെന്നാണ് വിവരം. റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രൈന് തകര്‍ക്കുകയും 20 ജനറലുമാര്‍ പിടിയിലാവുകയും ഉള്‍പ്പടെയുള്ള തിരിച്ചടികളുടെ വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ പിന്നാലെയാണ് ഷൊയ്ഗുവിന്റെ ഹൃദായഘാത വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.
പുതിന്റെ ഏറ്റവും അടുത്ത അനുയായിയായ ഷൊയ്ഗുവിനെ ആഴ്ചകളായി പൊതുവേദികളില്‍ ഒന്നും കാണാനുണ്ടായിരുന്നില്ല. നേരത്തെ യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കിടയില്‍ യുക്രൈനില്‍ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി ലഭിച്ചപ്പോള്‍ ചേര്‍ന്ന ഒരു യോഗത്തിനിടെ പുതിന് പ്രതിരോധ മന്ത്രി ഷൊയ്ഗുവില്‍ നിന്ന് അകലം പാലിച്ച് ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്കിനെ പുതിന് ആളുകള്‍ക്ക് മുന്നില്‍ ശകാരിക്കുന്ന വീഡിയോയും വൈറലായിരുന്നു. പുതിന്റെ പഴയകാല കെ.ജി.ബി സഹപ്രവര്ത്തകന് കൂടിയാണ് നാരിഷ്കിന്‍. ഇതെല്ലാം ഉന്നത പദവിയിലുള്ള തന്റെ സഹപ്രവര്‍ത്തകരുമായി പുതിന് ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ സജീവമാക്കിയിരുന്നു.
പ്രതിരോധ മന്ത്രിയായ സെര്‍ജി ഷൊയ്ഗു 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതില്‍ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. വിദേശയാത്രകളില്‍ പുതിനെ അനുഗമിക്കുന്നതും ഷൊയ്ഗുവായിരുന്നു. എന്നാല്‍ യുക്രൈനിലെ അധിനിവേശവും കീഴപ്പെടുത്തലും എളുപ്പമാണെന്ന കണക്കുകൂട്ടല്‍ തെറ്റിയതു മുതലാണ് പുതിന് ഷൊയ്ഗു ബന്ധത്തില്‍ വിള്ളലുകള്‍ വീണ് തുടങ്ങിയത്. റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പോലും കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തതെല്ലാം ഷൊയ്ഗുവിന്റെ വീഴ്ചകളായാണ് പുതിന് വിലയിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടയിലാണ് മിസൈല്‍ ആക്രമണത്തിലൂടെ കരിങ്കടലിലെ റഷ്യന്‍ പടക്കപ്പല്‍ യുക്രൈന് മുക്കിയത്. എന്നാല്‍, കപ്പലില്‍ തീപ്പിടിത്തമുണ്ടായതാണെന്നും അതിന്റെ കാരണം അന്വേഷിക്കുമെന്നുമാണ് റഷ്യയുടെ വിശദീകരണം. റഷ്യന്‍ നാവികസേനയുടെ അഭിമാനമായ മോസ്ക്വ പടക്കപ്പലിനാണ് നാശനഷ്ടമുണ്ടായത്. കപ്പലിനുനേരെ രണ്ട് നെപ്യറ്റൂന്‍ മിസൈലുകള്‍ യുക്രൈന് സേന പ്രയോഗിച്ചുവെന്ന് ഒഡേസ ഗവര്‍ണര്‍ മാസ്കിം മാര്‍ഷെങ്കോ പറഞ്ഞു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയെന്ന് യുക്രൈന്റെ തെക്കന്‍ സൈനിക കമാന്‍ഡ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. റഷ്യന്‍ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്ക്വ. ഇതെല്ലാം ഷൊയ്ഗുവിന്റെ അസാധാരണമായ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പേര്‍ട്ടുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..