വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധം തീര്‍ക്കാനും ഭീകരവാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ.സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ് അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ ബന്ധപ്പെട്ട യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫോണ്‍സന്ദേശത്തില്‍ അറിയിച്ചു.
ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്താന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ പാകിസ്താനോട് ഇനിയും ആവശ്യപ്പെടുമെന്നും ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. നേരത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരവാദവിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യക്ക് ഒപ്പമാണെന്നും ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്താന്‍ അത് അവസാനിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്.
ഭീകരവാദികള്‍ക്ക് സുരക്ഷിതതാവളമൊരുക്കാന്‍ സൗകര്യം ചെയ്യുന്ന പാകിസ്താന്റെ നടപടി ലോകസുരക്ഷയ്ക്ക് ഭീഷണിയാണെന്നും മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും പാകിസ്താനെതിരെ രംഗത്തെത്തിയത്.
Content Highlights: pulwama attack; US national security adviser express US support to India