സോള്‍: അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ വ്യോമസേനാ സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ഉത്തരകൊറിയ കഴിഞ്ഞ മാസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനു പിന്നാലെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിനു പുറത്ത് നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. സൈനികാഭ്യാസം നിര്‍ത്തണമെന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

വിജിലന്‍സ് ഏസ് എന്ന പേരിലുള്ള സംയുക്താഭ്യാസ പ്രകടനം, ഇരു രാജ്യങ്ങളുടെയും സൈനിക ശേഷി വിളിച്ചറിയിക്കുന്നതിനാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നു. 230 വിമാനങ്ങളും 12,000 സൈനിക സംഘങ്ങളും പങ്കെടുക്കുന്ന സൈനിക പ്രകടനം, ഇരു രാജ്യങ്ങളും ഇതുവരെ നടത്തിയിട്ടുള്ളവയില്‍ ഏറ്റവും വലിയതാണെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറിയന്‍ മേഖലയില്‍ അമേരിക്കയുടെ സൈനിക വിന്യാസം ശക്തമാക്കുന്നതിന് അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ഒക്ടോബറില്‍ നിലവില്‍വന്ന കരാര്‍ പ്രകാരമാണ് സൈനിക പ്രകടനം. ആണവ പരിപാടിയുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയെ നേരിടുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം.