ഷിൻജിയാങ്ങിലെ പ്രതിഷേധം, ഷി ജിൻപിങ് | Photo: AFP, AP
ബെയ്ജിങ്: ഷിന്‍ജിയാങിലെ ഉറുംകിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 പേര് മരിച്ചതിന് പിന്നാലെ ചൈനയിലെ ഷാങ്ഹായില്‍ പ്രതിഷേധം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മൂന്ന് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഷി ജിന്‍പിങും തുലയട്ടെയെന്നും ഉറുംകിയെ സ്വതന്ത്രമാക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഉറുംകിയിലും ഷിന്‍ജിയാങിലും ചൈനയില്‍ മൊത്തത്തിലുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിയന്ത്രണങ്ങളല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
കോവിഡ് വ്യാപനത്തില്‍ വന്‍വര്‍ധനവ് ഉണ്ടായതിന് പിന്നാലെ സീറോ കോവിഡ് പോളിസിയെന്ന പേരില്‍ ഭരണകൂടം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ജീവന് രക്ഷിക്കാനുള്ള ഷിയുടെ നയമെന്നാണ് നിയന്ത്രണങ്ങളെ ചൈന വിഷേഷിപ്പിക്കുന്നത്. കുടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ചൈന എടുത്തിരുന്ന തീരുമാനം.
ശനിയാഴ്ച 40,000-ഓളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപനനിരക്ക് കൂടുതലുള്ള പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ ശൈത്യകാലമാണ് ചൈനയിലിപ്പോള്‍. പ്രതിഷേധത്തിന് കാരണമായ തീപ്പിടിത്തമുണ്ടായ ഉറുംകിയില്‍ 100 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: protests in china against covid curbs after fire kills ten down with xi china
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..