വാഷിങ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധമുയര്‍ത്തിയവര്‍ വാഷിങ്ടണിലെ ഗാന്ധി പ്രതിമയേയും ഒഴിവാക്കിയില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാരെ 'അക്രമികളുടെ കൂട്ട'മെന്നും ട്രംപ് വിശേഷിപ്പിച്ചു. 

'ആദ്യമവര്‍ എബ്രഹാം ലിങ്കന്റെ പ്രതിമ തകര്‍ത്തു. പിന്നീട് ജോര്‍ജ് വാഷിങ്ടണിന്റേയും തോമസ് ജെഫേഴ്‌സണിന്റേയും പ്രതിമകളെ അവര്‍ ആക്രമിച്ചു. സമാധാനം മാത്രമാഗ്രഹിച്ച മഹാത്മ ഗാന്ധിയേയും അവര്‍ വെറുതെ വിട്ടില്ല. നിലവില്‍ നമുക്ക് സമാധാനമുള്ളതിനാലും ഗാന്ധിയോട് പ്രതിപത്തി ഇല്ലാത്തതിനാലുമായിരിക്കും അവരങ്ങനെ ചെയ്തത്, ഗാന്ധി പ്രതിമയ്ക്ക് നിത്യശാന്തി നേരുന്നു'. മിനസ്സോട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. 

രാജ്യത്തുടനീളം പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ചെയ്യുന്ന കാര്യത്തെ കുറിച്ച് യാതൊരു ധാരണയില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും പ്രതിഷേധക്കാര്‍ അക്രമികളുടെ ഒരു സംഘമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

മേയ് 25-ന് മിനിയപൊളിസില്‍ പോലീസുദ്യോഗസ്ഥന്റെ ആക്രമണത്തിലാണ് ആഫ്രിക്കന്‍-അമേരിക്കനായ ജോര്‍ജ് ഫ്‌ളോയിഡ് മരിച്ചത്. ഫ്‌ളോയിഡിന്റെ മരണത്തിന്റെവീഡിയോ വന്‍തോതില്‍ പ്രചരിക്കുകയും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള പീഡനത്തിനെതിരെയുള്ള പ്രതിഷേധം യു.എസില്‍ ശക്തമാകുകയും ചെയ്തിരുന്നു. രാജ്യത്തുടനീളം പൊതുമുതല്‍ ഉള്‍പ്പെടെയുളളവ പ്രതിഷേധക്കാര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 

Content Highlights: Protesters "Bunch Of Thugs" Who Didn't Even Spare Mahatma Gandhi:Trump