മെക്സിക്കോ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് (42) മരിച്ചു. ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേറ്റു.

ന്യൂമെക്സിക്കോയിലെ സാന്റഫെയില്‍  ബോള്‍ഡ്വിന്‍ സഹനിര്‍മാതാവ് കൂടിയായ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം. ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛന്‍ റസ്റ്റായാണ് ബോള്‍ഡ്വിന്‍ അഭിനയിക്കുന്നത്. 

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് പറഞ്ഞു. ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. 

വെടിയേറ്റ ഉടനെ ഹലീനയെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സോസ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സിനിമാചിത്രീകരണം നിര്‍ത്തിവെച്ചു.

1980 മുതല്‍ ടിവി പരിപാടികളിലും സിനിമകളിലും സജീവമായ ആളാണ് അലക് ബാള്‍ഡ്‌വിന്‍. 'ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍, 'മിഷന്‍ ഇംപോസിബിള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഷൂട്ടിങിന് ചെറിയ തോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ഇത്തരം അപകട വാര്‍ത്തകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. ബ്രൂസ് ലീയുടെ മകന്‍ ബ്രാന്‍ഡന്‍ ലീയും 'ദി ക്രോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സമാനമായ രീതിയില്‍ വെടിയേറ്റാണ് മരണപ്പെട്ടത്. 

Content Highlights: Prop Gun Fired By Alec Baldwin Kills Cinematographer Director Hurt