വെല്ലിങ്ടൺ: ന്യൂസിലാന്‍ഡ് സര്‍ക്കാരിലെ ആദ്യ 'ഇന്ത്യന്‍' മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ്‌ നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ - ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണു ഭര്‍ത്താവ്.

content highlights: Priyanca Radhakrishnan has become first Indian minister of Newzealand