ന്യൂസിലന്‍ഡിലെ ജസീന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചരിത്രം കുറിച്ചിരിക്കുകയാണ്‌ എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണിന്റെ ഉറ്റസുഹൃത്ത് കൂടിയായ പ്രിയങ്ക. രാഷ്ട്രീയവേരുകളുള്ള കുടുംബമാണ് പ്രിയങ്കയുടേത്‌. തന്റെ മുതു മുത്തച്ഛന്‍ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നും കേരള രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി.

'എന്നെക്കാള്‍ ദുര്‍ബലരായവരെ പിന്തുണയ്ക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ട്, സാമൂഹ്യനീതിയെ വിലമതിക്കാനും ജീവിതം സമഗ്രതയോടെ നയിക്കാനും എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായി ന്യൂസിലന്‍ഡിലേക്ക് വന്ന ഉടന്‍ തന്നെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഒരു പദവിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട എന്റെ ആദ്യ അനുഭവം അതായിരുന്നു.' പ്രിയങ്ക രാധാകൃഷ്ണന്‍ പറഞ്ഞു.

ഉന്നതപഠനത്തിനായി 2004-ല്‍ സിംഗപ്പൂരില്‍നിന്ന്  ന്യുസിലന്‍ഡിലേക്കു സ്റ്റുഡന്റ് വിസയില്‍  എത്തിയതാണ് പ്രിയങ്ക. 2006-ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളിലും അംഗവും ഉപദേശകയും ആയിരുന്നു.

ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് പ്രധാനമന്ത്രി ജസീന്‍ഡ ഓണാശംസകള്‍ നേര്‍ന്നത് പ്രിയങ്കയുടെ സാമൂഹിക മാധ്യമപേജുകളിലൂടെയായിരുന്നു. 

പ്രിയങ്കയുടെ അച്ഛന്‍ രാമന്‍ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനുമാണ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി നയവിശകലനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ സജീവമായി. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍നിന്നുള്ള സ്‌കോട്ട്‌ലണ്ട് വംശജനായ റിച്ചാര്‍ഡ്‌സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്. 

തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും എം.പിയും മന്ത്രിയുമായി

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും എം.പിയായ ആളാണ് പ്രിയങ്ക. ന്യുസിലന്‍ഡിലെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യയില്‍നിന്നു വ്യത്യസ്തമാണ്. ആകെയുള്ള 120 പാര്‍ലമെന്റിലെ സീറ്റില്‍ 71 ഇലക്ട്‌റല്‍ സീറ്റ് ആണ്. ഈ മണ്ഡലങ്ങളിലേക്ക് വോട്ടര്‍മാര്‍ നേരിട്ട് അവരുടെ എം.പിയെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍നിന്നാണ്‌ എം.പിമാരെ കണ്ടെത്തുന്നത്‌.

ഇങ്ങനെ എം.പിമാരാകേണ്ട ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍  രണ്ടു തവണയും  ഉള്‍പ്പട്ടെയാളാണ് പ്രിയങ്ക. ലിസ്റ്റ് എം.പിമാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്കും പാര്‍ലമെന്റില്‍ അധികാരങ്ങളും, അവകാശങ്ങളും ഒരേപോലെയാണ്. ലിസ്റ്റ് എം.പി ഒരു ഇലക്ടറേറ്റിനെ( നിയോജകമണ്ഡലത്തെ) പ്രതിനിധികരിക്കുന്നില്ല. പക്ഷെ എം.പി. എന്ന നിലയില്‍ ന്യുസിലാന്‍ഡില്‍ എവിടെയും സര്‍ക്കാര്‍ ചെലവില്‍ ഓഫീസ് സ്ഥാപിക്കാം. മറ്റു സര്‍ക്കാര്‍ പാര്‍ലമെന്റു കമ്മിറ്റികളില്‍ മെമ്പറോ മന്ത്രിയോ ആകാം.

മോംഗക്കേക്കി മണ്ഡലത്തില്‍ ജനവിധി തേടിയ പ്രിയങ്ക കടുത്ത പോരാട്ടത്തിനൊടുവില്‍ 3000 വോട്ടിനാണ് പരാജയപ്പെട്ടത്. പ്രിയങ്കയുടെ കഴിവ് കണക്കിലെടുത്താണ് അവരെ ലേബര്‍ പാര്‍ട്ടി എം.പിയായി നാമനിര്‍ദേശം ചെയ്തത്. ഇത്തവണ അവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ 112-ാം സ്ഥാനത്തായിരുന്നു. 

Content Highlights: Priyanca Radhakrishnan becomes first ever Kiwi-Indian minister