ന്യൂഡല്‍ഹി: വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോസ്‌കിയെ ഡൊമിനിക്കയില്‍നിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്ത്യ അയച്ച ഖത്തര്‍ എയര്‍വേസ് വിമാനം മടങ്ങി. ഡൊമിനിക്കയിലെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷമാണ് വെറുംകയ്യോടെ വിമാനം മടങ്ങുന്നത്. 

മെയ് 28നാണ് ചോസ്‌കിക്കെതിരായ കേസുകളുടെ രേഖകളുമായി ഉദ്യോഗസ്ഥര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എക്‌സിക്യൂട്ടീവ് ഫ്‌ളൈറ്റ് എ7സിഇഇ യാത്ര തിരിക്കുന്നത്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര. ഡൊമിനിക്കയിലെ മാരിഗോട്ടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്‌സിയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ഏഴുദിവസമാണ് വിമാനം കാത്തുകിടന്നത്.

ചോക്‌സിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ ഹൈക്കോടതി വ്യാഴാഴ്ച മാറ്റിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂണ്‍ മൂന്നിന് രാത്രി 8.09ന് മെല്‍വില്ലെ ഹാള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചോസ്‌കിയെ തിരികെ കൊണ്ടുവരുന്നതിനായി പോയ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ വ്യക്തത വരുത്തിയിട്ടില്ല. 

ഇരുകൂട്ടരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കേസ് പരിഗണിക്കുന്നതിനുളള പുതിയ തീയതി  ജഡ്ജ് ബെര്‍ണീ സ്റ്റീഫെന്‍സണ്‍ തീരുമാനിക്കൂവെന്ന് ആന്റിഗ്വ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചത്. ആരാണ് ചോക്‌സിയെ ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നത് എന്ന വിഷയം ഉന്നയിച്ച്‌ പ്ലക്കാര്‍ഡുകളുയര്‍ത്തി നിരവധി പേര്‍ റോസോയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ചോക്‌സിയുടെ അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മെഹുല്‍ ചോക്‌സിയെ ഹാജരാക്കാന്‍ ഡൊമിനിക്കന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.