കാബൂള്‍: താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഒഴിപ്പിക്കാന്‍ നടത്തിയ നീക്കം സംബന്ധിച്ച് ഉയരുന്നത് ഗുരുതരമായ പരാതി. ഒഴിപ്പിക്കലിന്റെ മറവില്‍ അഫ്ഗാനിസ്താനിലെ സ്വകാര്യ വിമാനക്കമ്പനി അവരുടെ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ അബുദാബിയിലേക്ക് കടത്തിയെന്നാണ് വിവരം. ഇത്തരത്തില്‍ ചുരുങ്ങിയത് 155 പേരെയെങ്കിലും കാം എയര്‍ അബുദാബിയിലേക്ക് കൊണ്ടുപോയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനില്‍ തുടരുന്ന മാധ്യമ പ്രവര്‍ത്തകരെയും യോഗ്യരായ മറ്റുള്ളവരെയും രാജ്യത്തിന് പുറത്തെത്തിക്കാനാണ് കാം എയര്‍ വിമാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വിമാനത്തില്‍ ഒഴിഞ്ഞുകിടന്ന പകുതിയിലധികം സീറ്റുകളില്‍ അവസാന നിമിഷം വിമാന കമ്പനിയുടെ നേതൃത്വ പദവിയിലിരിക്കുന്നവരുടെ കുടുംബാംഗംങ്ങളെ കയറ്റുകയായിരുന്നു. വിമാനം യു.എ.ഇയില്‍ എത്തിയശേഷം യുഎസ് വിദേശകാര്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ യാത്ര ചെയ്തതില്‍ പലരും ഒഴിപ്പിക്കേണ്ടവരുടെ പട്ടികയില്‍ ഇല്ലാത്തവരാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ യുഎസ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളും യുഎഇ അധികൃതരും ഞെട്ടി.

വിമാനത്തിന്റെ രേഖകളിലില്ലാത്ത 150-ലധികം യാത്രക്കാരെ ഒരു സുരക്ഷാ പരിശോധനയും കൂടാതെ എത്തിച്ചത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിവരം.

യാത്രക്കാരുടെ യഥാര്‍ത്ഥ പട്ടിക ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചുവെന്നും വിമാനം അബുദാബിയില്‍ ഇറങ്ങുന്നതുവരെ അധിക യാത്രക്കാരെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. എന്നാല്‍ കാം എയര്‍ ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിച്ചു. കമ്പനി ഒരിക്കലും യാത്രക്കാരെ തിരഞ്ഞെടുക്കുന്നില്ലെന്നും അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു. 'അബുദാബിയിലേക്കും തബാസിലേക്കും (ഇറാന്‍) രണ്ട് വിമാനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിസ്റ്റ് അനുസരിച്ച് തന്നെയാണ് യാത്രക്കാരെ കൊണ്ടുപോയത്. ഇനിയും ധാരാളം ആളുകള്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്നതിനാല്‍ 'കാം എയര്‍' കുടുംബങ്ങളെയും ബന്ധുക്കളെയും കടത്തിയെന്ന് അവര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്,' -  കാം എയര്‍ സിഇഒ മുഹമ്മദ് ദാവൂദ് ഷെരീഫി ടോളോ ന്യൂസിനോട് പറഞ്ഞു.

ലിസ്റ്റില്‍ ഇല്ലെന്ന് പറയപ്പെടുന്ന യാത്രക്കാര്‍ ഇപ്പോഴും അബുദാബിയിലാണെന്നും അവരുടെ കാര്യം അനിശ്ചിതത്വത്തിലാണെന്നുമാണ് അറിയുന്നത്. അതേസമയം, കമ്പനിയുടെ ചെയര്‍മാനുമായി ബന്ധപ്പെട്ട നിരവധി പേര്‍ വിമാനത്തിലുണ്ടായിരുന്നതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചതായാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്ത ശേഷം അപകടത്തിലാണെന്ന് കണ്ടെത്തിയ 188 പത്രപ്രവര്‍ത്തകര്‍ക്കും സഹായം ചെയ്തിരുന്ന തൊഴിലാളികള്‍ക്കും മറ്റും സുരക്ഷിതരായി അഫ്ഗാനില്‍ നിന്ന് പുറത്തെത്തിക്കാനുള്ള  സഹായനിധിയില്‍ ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാനും ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷനും ഉള്‍പ്പെടെ സിലിക്കണ്‍ വാലിയില്‍ നിന്നുള്ള നിരവധി കമ്പനികള്‍ സംഭാവന നല്‍കിയിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയതിലൂടെ കാം എയര്‍ വലിയ കുറ്റകൃത്യമാണ് ചെയ്തതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക് എമിറേറ്റിനോട് അഫ്ഗാനിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകരുടെ അഭിഭാഷക ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടതായും ഖമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Private airlines evacuated family members along with journalists from Kabul illegally