ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടു. കോവിഡ് ബാധയെ തുടര്‍ന്നല്ല രാജകുമാരന്‍ ആശുപത്രിയില്‍ കഴിയുന്നതെന്ന് രാജകുടുംബം വ്യക്തമാക്കിയിരുന്നു. 

ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങള്‍ മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരന്‍ മൂന്നു വര്‍ഷത്തോളമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. രാജ്ഞിയും രാജകുമാരനും മാര്‍ച്ചില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഗ്രീക്ക്- ഡാനിഷ് കുടുംബത്തില്‍ 1921ന് ആണ് ഫിലിപ് രാജകുമാരന്‍ ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. 1947ല്‍ ആണ് ഫിലപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്.