ലണ്ടന്‍: ബ്രിട്ടീഷ് രാജുകുടുംബത്തിന്റെ കീഴ്‌വഴക്കങ്ങള്‍ തള്ളി ഹാരി രാജകുമാരന്‍. താനുള്‍പ്പെട്ട രാജകുടുംബാംഗങ്ങള്‍ ആരും ബ്രിട്ടന്റെ രാജാവാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാരിരാജകുമാരന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രിട്ടീഷ് രാജഭരണം ആധുനികവത്കരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങളുടെ സ്വന്തം താത്പര്യത്തിനല്ലെന്നും ജനങ്ങളുടെ നന്മക്കാണെന്നും ഹാരി പറഞ്ഞു.
രാജുകുടുംബത്തില്‍ രാജാവോ രാജ്ഞിയോ ആകാന്‍ ആര്‍ക്കും താത്പര്യം ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞങ്ങള്‍ ശരിയായ സമയത്ത് ഞങ്ങളുടെ കടമ നിര്‍വഹിക്കുമെന്നും ഹാരി വ്യക്തമാക്കി.
തന്റെ കൗമാരത്തിലുണ്ടായ അമ്മയുടെ വിയോഗത്തെ കുറിച്ചും ഹാരി അഭിമുഖത്തില്‍ അനുസ്മരിച്ചു. അമ്മയുടെ ശവപേടകത്തിന്റെ പിന്നാലെ പോകുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് തന്നെ നോക്കിയിരുന്നത്. അതിലേറെ പേര്‍ ടെലിവിഷനിലൂടെയും കണ്ടുകൊണ്ടിരുന്നു. അന്നെനിക്ക് 12 വയസായിരുന്നു. അത്തരമൊരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും ഹാരി പറഞ്ഞു. 1997ലാണ് ഒരു കാറപകടത്തില്‍ ഹാരിയുടെ അമ്മ ഡയാന രാജകുമാരി മരിച്ചത്.
തന്റെ ഇരുപതാം വയസ്സ് വരെ ഞാന്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. ഇതിനു ശേഷം അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ടിച്ചു. ഇതിനിടയില്‍ ചില ഇരുണ്ട വര്‍ഷങ്ങളും കടന്നപോയിട്ടുണ്ടെന്നും ഹാരി പറഞ്ഞു. ഹാരിയുടെ നാസി വേഷത്തിലുള്ള ചിത്രങ്ങളും നഗ്നനരായ സ്ത്രീകള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ഇന്റര്‍നെറ്റിലൂടെ പടര്‍ന്നിരുന്നു.
സാധാരണ ജീവിതം നയിക്കാനും പൊതുജനസേവനം നടത്താനുമാണ് തന്റെ ആഗ്രഹമെന്നാണ് 32കാരനായ ഹാരി പറയുന്നത്.